"ഗർവിഷ്ഠയായ പാഞ്ചാലി' പ്രയോഗത്തിൽ ആവേശഭരിതയായി; കലോത്സവ ഓർമകളിലേക്ക് തിരികെയെത്തി വീണാ ജോർജ്
1482363
Wednesday, November 27, 2024 4:29 AM IST
തിരുവല്ല: മന്ത്രി വീണാ ജോർജിനെ 1992ലെ സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെ ഓർമകളിലേക്ക് തിരികെ കൊണ്ടുപോകുന്നതായി തിരുവല്ലയിലെ ഉദ്ഘാടന സമ്മേളനവേദി.
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടകയായ മന്ത്രിയെ ക്ഷണിച്ചുകൊണ്ട് പ്രോഗ്രാം അവതാരകനായിനിന്ന അധ്യാപകൻ ബിനു കെ. സാമാണ് പഴയ സ്മരണകളിലേക്ക് വീണാ ജോർജിനെ കൊണ്ടുപോയത്.
1992ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഏകാഭിനയ വേദി. വേദിയിൽ കോഡ് നമ്പർ 238 ഗർവിഷ്ഠയായ പാഞ്ചാലീ, മര്യാദയ്ക്ക് നിന്നെ ഞാൻ സദസിലേക്ക് വിളിച്ചതാണ്, നീ വന്നില്ല. പാണ്ഡവന്മാരുടെ പട്ട മഹിഷിയാണെന്ന അഹന്ത കൊണ്ടായിരിക്കാം... ഈ വാചകം പറഞ്ഞ് അഭിനയിച്ചു തുടങ്ങിയ ആ പത്താം ക്ലാസുകാരി ജില്ലാ കലോത്സവത്തിന്റെ ഈ ഉദ്ഘാടന വേദിയിൽ ഉണ്ട് .
അന്നത്തെ ഒന്നാം സ്ഥാനക്കാരിയായ കലാകാരി വീണ കുര്യാക്കോസ്, ഇന്ന് നമുക്ക് ആരോഗ്യ-ശിശുക്ഷേമ മന്ത്രി കൂടിയായ ഉദ്ഘാടകയാണ് . അവതാരകന്റെ ഈ ആമുഖം കേട്ട് അധ്യക്ഷൻ മാത്യു ടി. തോമസ് എംഎൽഎ പൊട്ടിച്ചിരിക്കുന്നു. വീണാ ജോർജിന്റെ കണ്ണുകൾ നിറയുന്നു. വേദിയും സദസും ഒന്നിച്ച് കൈയടിക്കുന്നു.
അവതാരകന്റെ പ്രമേയം ഏറ്റെടുത്ത മന്ത്രി നടത്തിയ ഉദ്ഘാടന പ്രസംഗത്തിലും പഴയകാല ഓർമകൾ ഓടിയെത്തി. തന്റെ കലോത്സവ അനുഭവങ്ങൾ വിവരിക്കാൻ വീണാ ജോർജ് പിശുക്കു കാട്ടിയില്ല.
പ്രസംഗത്തിലും നൃത്തത്തിലും എഴുത്തിലും ഒരുപോലെ കലോത്സവവേദികളിൽ തിളങ്ങിനിന്ന അനുഭവങ്ങൾ പുതുതലമുറയും ഏറ്റെടുത്തു.
പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്കൂൾ മലയാളം അധ്യാപകനായ ബിനു കെ. സാം ജില്ലയിലെ ഒട്ടുമിക്ക സർക്കാർ പരിപാടികളുടെയും സാംസ്കാരിക പരിപാടികളുടെയും അവതാരകനാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല സന്നിധാനത്ത് എത്തിയ ഒരേയൊരു പരിപാടിയുടെ അവതാരകനായിരുന്നു ഇദ്ദേഹം. അവതരണത്തിൽ 300ലേറെ വേദികൾ പിന്നിട്ടെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ ഒരു പരിപാടിയിൽ ഇത് ആദ്യമായിട്ട് എത്തിയതിന്റെ ആവേശം ബിനു കെ. സാമിനുമുണ്ടായിരുന്നു.
ഇന്നലെ ഉദ്ഘാടന വേദിയിൽനിന്ന് അദ്ദേഹം നേരേ പോയത് ഭക്ഷണശാലയിലേക്കാണ്. താൻ കൂടി അംഗമായിരിക്കുന്ന അധ്യാപക സംഘടനയുടെ ചുമതലയിലുള്ള ഫുഡ് കമ്മിറ്റിയുടെ ചുമതലയിലാണ് കലോത്സവത്തിലെത്തുന്നവർക്ക് ഭക്ഷണം വിളന്പുന്നത്. അവിടെയും മൈക്ക് ബിനുവിനായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെയിലും ചോദ്യവും പറച്ചിലുമൊക്കെയായി ബിനു നിറഞ്ഞുനിന്നു.