പതിനെട്ടാംപടിയില്‍ പോലീസുകാരുടെ ഫോട്ടോഷൂട്ട്: വിശദീകരണം തേടി
1482378
Wednesday, November 27, 2024 4:40 AM IST
ശബരിമല: ശബരിമല ക്ഷേത്രത്തിന്റെ പതിനെട്ടാം പടിയില്‍ പോലീസുകാര്‍ ഫോട്ടോ ഷൂട്ട് നടത്തി പ്രചരിപ്പിച്ച സംഭവത്തില്‍ എഡിജിപി സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടി.
പതിനെട്ടാം പടിയില്‍ ക്ഷേത്ര ശ്രീകോവിലിനു പുറംതിരിഞ്ഞുനിന്നു പോലീസുകാര്‍ ഫോട്ടോഷൂട്ട് നടത്തിയ സംഭവമാണ് വിവാദമായത്. സേവനം പൂര്‍ത്തിയാക്കി പടിയിറങ്ങുന്ന മേല്‍ശാന്തിമാര്‍ പോലും ഭഗവാന് അഭിമുഖമായി പുറകോട്ടാണ് പതിനെട്ടാം പടിയിറങ്ങുന്നത്.
കഴിഞ്ഞ ദിവസം ചുമതലയൊഴിഞ്ഞ സന്നിധാനത്തെ ആദ്യ പോലീസ് ബാച്ചില്‍ ഉള്‍പ്പെട്ട പതിനെട്ടാം പടി ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന മുപ്പതോളം പോലീസുകാരാണ് ഫോട്ടോഷൂട്ട് നടത്തിയത്.
ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ച ശേഷം പതിനെട്ടാം പടിയില്താഴെ മുതല്‍ മുകളില്‍ വരെ നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഈ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം പ്രചരിക്കപ്പെട്ടു. ഇതോടെ സംഭവം വിവാദമായി മാറി.
ഇതിനുപിന്നാലെ വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി, ക്ഷേത്ര സംരക്ഷണ സമിതി അടക്കമുള്ള ഹൈന്ദവ സംഘടനകള്‍ പോലീസ് നടത്തിയത് ആചാരലംഘനമുണ്ടായെന്ന പേരില്‍ വിവിധ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയതിനു പിന്നാലെയാണ് എഡിജിപി എസ്.ശ്രീജിത്ത് സംഭവം സംബന്ധിച്ച് സ്പെഷല്‍ ഓഫീസര്‍ കെ.ഇ. ബൈജുവിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.