മൊബൈൽ ഫോണുകൾ മോഷ്ടിച്ചയാളെ പിടികൂടി
1482385
Wednesday, November 27, 2024 4:43 AM IST
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ എറണാകുളം സ്വദേശികളുടെ രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച ആന്ധ്രാ സ്വദേശിയെ സന്നിധാനം പോലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പഭക്തർ വിരിവച്ചിരുന്ന മാളികപ്പുറം അന്നദാനം മണ്ഡപത്തിന് മുകളിലുള്ള വിരിയിൽ വച്ചാണ് ഫോണുകൾ മോഷ്ടിക്കപ്പെട്ടത്.
ആന്ധ്രാപ്രദേശ് സ്വദേശി കണിപ്പള്ളി ശിവ(21)യാണ് പിടിയിലായത്. സന്നിധാനം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. നഷ്ടപ്പെട്ട ഫോണുകളും ഇയാളിൽനിന്നു കണ്ടെടുത്തു.