കരുതലും കൈത്താങ്ങും : താലൂക്കുതല അദാലത്തുകൾ ഡിസം. ഒന്‍പതു മുതൽ
1482369
Wednesday, November 27, 2024 4:29 AM IST
പത്തനംതിട്ട: പൊതുജനങ്ങള്‍ വിവിധ മേഖലകളില്‍ നേരിടുന്ന പരാതികളുടെ പരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന "കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്ത് ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല്‍. മന്ത്രിമാരായ വീണാ ജോര്‍ജും പി. രാജീവുമാണ് നേതൃത്വം നല്‍കുക. ഡിസംബര്‍ ഒമ്പത് കോഴഞ്ചേരി, 10ന് മല്ലപ്പള്ളി, 12ന് അടൂര്‍, 13 ന്റാന്നി, 16ന് തിരുവല്ല, 17ന് കോന്നി എന്നിങ്ങനെയാണ് അദാലത്ത്. താലൂക്കുകളിലെ അന്വേഷണ കൗണ്ടറുകളുകളില്‍ വിശദവിവരം ലഭ്യമാണ്.
അദാലത്തിലേക്കുള്ള പരാതി ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലായും സമര്‍പ്പിക്കാം. നിശ്ചിതമേഖലയിലുള്ള പരാതികള്‍ മാത്രമാണ് സ്വീകരിക്കുക.
ജില്ലാ കളക്ടര്‍ ചെയര്‍മാനായി ജില്ലാ മോണിറ്ററിംഗ് സെല്ലുണ്ടാകും. സബ് കളക്ടര്‍, ആർഡിഒമാര്‍ എന്നിവർ വൈസ് ചെയര്‍പേഴ്സണ്‍മാരും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അംഗവുമാണ്. അതാത് താലൂക്കുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ കണ്‍വീനറും തഹസില്‍ദാര്‍ ജോയിന്റ് കണ്‍വീനറുമായി താലൂക്ക് അദാലത്ത് സെല്ലും പ്രവര്‍ത്തിക്കും.
പരിഗണിക്കുന്ന വിഷയങ്ങള്‍
ഭൂമി സംബന്ധമായ വിഷയങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം അല്ലെങ്കില്‍ നിരസിക്കല്‍, കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി), വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം,
ധനസഹായം, പെന്ഷന്, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍, പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്കരണം, പൊതു ജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍ കാര്‍ഡ്, കാര്‍ഷികവിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷ്വറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുളള നഷ്ടപരിഹാരം,
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങള്‍ക്കുളള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വന്യജീവി ആക്രമണങ്ങളില്‍നിന്നുള്ള സംരക്ഷണം, നഷ്ടപരിഹാരം, വിവിധ സ്കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുളള പരാതികള്‍, അപേക്ഷകള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം.