വധശ്രമക്കേസിലെ ക്വട്ടേഷൻ: അഞ്ചാം പ്രതിയെ മുംബൈയിൽനിന്നു പിടികൂടി
1482376
Wednesday, November 27, 2024 4:40 AM IST
പത്തനംതിട്ട: മുൻവിരോധം കാരണം ക്വട്ടേഷൻ സംഘത്തിന് പണം കൊടുത്ത് യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ ഗൂഢാലോചനയിൽ ഉൾപ്പെട്ട അഞ്ചാം പ്രതിയെ മുംബൈയിൽനിന്നു തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കവിയൂർ ആഞ്ഞിലിത്താനം മാകാട്ടി കവല തെക്കേമാകാട്ടിൽ അനീഷ് എൻ. പിള്ളയെ (42) ആണ് മുംബൈ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്.
കവിയൂർ ആഞ്ഞിലിത്താനം പഴമ്പള്ളിൽ മനീഷ് വർഗീസിനെ കൊല്ലാൻ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയാണ്. ഇയാളാണ് നാലംഗ സംഘത്തിന് ക്വട്ടേഷൻ നൽകിയതെന്ന് പറയുന്നു.
2023 ഒക്ടോബർ 12ന് ഉച്ചകഴിഞ്ഞ് പഴമ്പള്ളിൽ ജംഗ്ഷനിലാണ് സംഭവം. ബൈക്കിൽ മാകാട്ടി കവല റോഡിൽ സഞ്ചരിച്ച യുവാവിനെ കാറിലെത്തിയ ഒന്നുമുതൽ നാലുവരെ പ്രതികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
തുടക്കത്തിൽ മനഃപൂർവമല്ലാത്ത നരഹത്യാ ശ്രമത്തിനാണ് കേസെടുത്തതെങ്കിലും പിന്നീട് അന്വേഷണത്തിൽ വധശ്രമമാണെന്ന് കണ്ടെത്തി. തുടർന്ന്, അന്വേഷണം ഏറ്റെടുത്ത എസ്എച്ച്ഒ ബി.കെ. സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ പ്രതികൾക്കായി ഊർജിതമായ തെരച്ചിൽ നടത്തി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞു.
തുടർന്ന്, ഒന്നുമുതൽ നാലുവരെ പ്രതികളായ അനിൽ കുമാർ, വിഷ്ണു, സതീഷ് കുമാർ, റോയ് എന്നിവരെ ഒക്ടോബർ 23 നു രാത്രി അറസ്റ്റ് ചെയ്തു. ആറാം പ്രതി അഭിലാഷ് മോഹൻ, ഏഴാം പ്രതി സജു എന്നിവരെ ജനുവരി 10 നും മാർച്ച് 12നുമായി അന്വേഷണസംഘം പിടികൂടുകയും ചെയ്തു. തുടർന്ന് അഭിലാഷിനെയും സജുവിനെയും പിടികൂടി.
പിന്നീട് കേസിൽ അന്വേഷണം പൂർത്തിയാക്കി പോലീസ് ഇൻസ്പെക്ടർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ന്യൂസിലൻഡിൽ കഴിയുന്ന അനീഷിനുവേണ്ടി ലുക്ക് ഔട്ട് സർക്കുലർ പോലീസ് പുറപ്പെടുവിപ്പിച്ചിരുന്നു. നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ലുക്ക് ഔട്ട് സർക്കുലർ നിലവിലുള്ളതിനാൽ മുംബൈ എയർപോർട്ടിൽ ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു.
എയർപോർട്ട് ഇമിഗ്രേഷനിൽനിന്ന് വിവരം അറിയിച്ചതനുസരിച്ച്, തിരുവല്ലയിൽ നിന്നു പോലീസ് സംഘം അവിടെയെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. എസ്ഐ മുഹമ്മദ് സാലിഹ്, എസ്സിപിഒ അഖിലേഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.