ഖര, ദ്രവ മാലിന്യ സംസ്കരണം: കൂടുതല്‍ പ്രോജക്ടുകള്‍ നടപ്പാക്കാന്‍ ജില്ലാ ശുചിത്വ മിഷന്
1481866
Monday, November 25, 2024 4:20 AM IST
പത്തനംതിട്ട: ശുചിത്വ, മാലിന്യമുക്ത മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി നടന്ന ജില്ലാതല ദ്വിദിന ശില്പശാല തീരുമാനിച്ചു.
ശില്പശാലയില് ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തില്‍ വിഷയാവതരണങ്ങള്‍ നടന്നു. മാലിന്യസംസ്കരണ രംഗത്ത് ജില്ലയിലെ വിവിധ മേഖലയില്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്തു. സ്വച്ഛ് ഭാരത് മിഷന് ഫണ്ടുകള്‍ ഉപയോഗിച്ച് ഖര, ദ്രവ മാലിന്യ സംസ്കരണ രംഗത്ത് കൂടുതല്‍ പ്രോജക്ടുകള്‍ നടപ്പാക്കുമെന്ന് ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിഫി എസ്. ഹക്ക് പറഞ്ഞു.
ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളില്‍നിന്നും പ്രതിനിധികള്‍ ശില്പശാലയില് പങ്കെടുത്തു. മാലിന്യ സംസ്കരണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, സമ്പൂര്‍ണത, സുസ്ഥിരത എന്നിവയില്‍ വിശദമായ സംവാദങ്ങള്‍ നടന്നു. സംസ്കരണ രംഗത്ത് ജില്ലയില്‍ സ്വീകരിക്കേണ്ട നടപടികള്‍, ഏറ്റെടുക്കേണ്ട പദ്ധതികള്‍ എന്നിവയില്‍ അന്തിമരൂപം നല്കി.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ മൂന്ന് ബാച്ചുകളായി തിരിച്ചാണ് രണ്ടു ദിവസത്തെ പരിപാടി സംഘടിപ്പിച്ചത്. തദ്ദേശ സ്ഥാപന അധ്യക്ഷര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷര്‍, ജില്ലയിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന് ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വ മിഷന് കോ-ഓര്‍ഡിനേറ്റര്‍ നിഫി എസ്. ഹക്ക് ചടങ്ങില്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി നൈനാന്. ജോയിന്റ് ഡയറക്ടര്‍ എ.എസ്. നൈസാം തുടങ്ങിയവര്‍ പ്രസംഗിച്ചു. നവകേരളം ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍ വിഷയാവതരണം നടത്തി.