മുത്തൂരിലെ നരഹത്യ; ഗുരുതര വീഴ്ച നഗരസഭയ്ക്കും ഉത്തരവാദിത്വമെന്ന് ആക്ഷേപം
1482330
Tuesday, November 26, 2024 8:16 AM IST
തിരുവല്ല: തണല്‍മരം മുറിക്കാന്‍ വേണ്ടി കെട്ടിയ വടത്തില്‍ കഴുത്ത് കുരുങ്ങി കുടുംബത്തോടൊപ്പം ബൈക്കില്‍ യാത്ര ചെയ്ത യുവാവ് കൊല്ലപ്പെട്ട സംഭവം അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ച.
തകഴി കുന്നുമ്മ കുറുപ്പന്ചേരിച്ചിറയില് കെ.എസ്. സിയാദാണ് (32) ഞായറാഴ്ച വൈകുന്നേരം മുത്തൂര്‍ - കുറ്റപ്പുഴ റോഡിലുണ്ടായ അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. സിയാദിനൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഭാര്യ സീനമോള്, മക്കളായ സീഹാന്‍, നൂര്സിസ എന്നിവര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് മുത്തൂര്‍ - കുറ്റപ്പുഴ റോഡില്‍ മുത്തൂര്‍ ഗവണ്മെന്റ് എല്‍പി സ്കൂളിനു സമീപമായിരുന്നു അപകടം.
സ്കൂള്‍ വളപ്പില്‍ അപകടകരമായി നിന്ന മരങ്ങള്‍ മുറിക്കുന്നതിനു കരാര്‍ നല്‍കിയിരുന്നു. മരം മുറിക്കുന്നതിനിടെയുള്ള അപകടം ഒഴിവാക്കാന്‍ ഗതാഗതം തടഞ്ഞു റോഡിനു കുറുകെ കെട്ടിയ കയറിലാണ് സിയാദ് സഞ്ചരിച്ച ബൈക്ക് കുടുങ്ങിയത്.
കരാറുകാരനെയും തൊഴിലാളികളെയും ചോദ്യം ചെയ്തശേഷം തിരുവല്ല പോലീസ് കേസെടുത്ത് കരാറുകാരനായ കവിയൂർ സ്വദേശി പി.കെ. രാജന്റെ അറസ്റ്റ് ഇന്നലെ രാവിലെ രേഖപ്പെടുത്തി.
തൊഴിലാളികളുടെ വിശദമായ മൊഴിയെടുത്തശേഷം വിട്ടയച്ചു. കരാറുകാരൻ കയർ കെട്ടി അടച്ച് ഗതാഗതം നിയന്ത്രിക്കുമെന്ന് ഏറ്റശേഷമാണ് മരം മുറി ജോലി തുടങ്ങിയതെന്ന് ഇവർ മൊഴി നൽകി. അന്വേഷണത്തിൽ പോലീസിന് ഇക്കാര്യം ബോധ്യപ്പെട്ടതിനേത്തുടർന്ന്, നോട്ടീസ് നൽകി ഇവരെ വിട്ടയച്ചു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
കുടുംബത്തോടൊപ്പം പായിപ്പാട്ടെ ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു സിയാദ്. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടപ്പെട്ടത്. പരിക്കേറ്റ ഭാര്യയെയും മക്കളെയും പ്രഥമശുശ്രൂഷ നൽകിയശേഷം വിട്ടയച്ചു. ബൈക്ക് കയറിൽ കുരുങ്ങി മറിഞ്ഞതോടെ റോഡിൽ വീണാണു കുടുംബാംഗങ്ങൾക്കു പരിക്കേറ്റത്.
കരാർ നൽകിയത് നഗരസഭ
സ്കൂള്‍ വളപ്പിലെ മരം മുറിക്കാന്‍ തിരുവല്ല നഗരസഭയാണ് കരാര്‍ നല്‍കിയത്. എന്നാല്‍ മരം മുറിക്കുന്ന വിവരം കരാറുകാരന് നഗരസഭയെയെ പോലീസിനെയോ പൊതുമരാമത്ത് വകുപ്പിനെയോ അറിയിച്ചില്ല. എംസി റോഡിനെ തിരുവല്ല - മല്ലപ്പള്ളി റോഡും റെയില്‍വേ സ്റ്റേഷനുമൊക്കെയായി ബന്ധിപ്പിക്കുന്ന തിരക്കുള്ള പാതയില്‍ ഗതാഗതം തടയേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. എന്നാല്‍ ഇക്കാര്യം അവര്‍ അറിഞ്ഞതേയില്ല. കരാര്‍ നല്കിയ നഗരസഭയും ഇക്കാര്യത്തില്‍ മൗനം പാലിച്ചു.