നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം: സഹപാഠികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു
1482332
Tuesday, November 26, 2024 8:16 AM IST
പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളജ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ റിമാൻഡിൽ കഴിയുന്ന സഹപാഠികളായ മൂന്നു വിദ്യാർഥിനികളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വരെയാണ് മൂന്നു പെൺകുട്ടികളെയും പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
പത്തനംതിട്ട ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അറസ്റ്റിലായവരുമായി കോളജിലും ഹോസ്റ്റലിലും പോലീസ് തെളിവെടുപ്പ് നടത്തും. ഇവരുടെ വീടുകളിലും പരിശോധന നടത്തിയേക്കും.
അമ്മുവിനെ ഉപദ്രവിച്ചവരിൽ അറസ്റ്റിലായവരെ കൂടാതെ വേറെയും സഹപാഠികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. അവരെയും അറസ്റ്റ് ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
അറസ്റ്റിലായവരെ ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂവെന്നു പോലീസ് പറഞ്ഞു. പത്തനാപുരം കുണ്ടയം സ്വദേശിനി അലീന, ചങ്ങനാശേരി സ്വദേശിനി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്.
അമ്മുവിന്റെ മരണത്തിൽ പ്രതിഷേധങ്ങൾ ശക്തമായതിനു പിന്നാലെയാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി മൂന്നു സഹപാഠികളെ പോലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാർഥികളും അമ്മുവുമായുള്ള തർക്കവും അതിൽ കോളജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ടും പ്രതികൾക്കെതിരായി. സഹപാഠികൾക്കെതിരേ അമ്മു കോളജ് പ്രിൻസിപ്പലിനു നൽകിയ കുറിപ്പും കേസിന്റെ ഭാഗമാക്കി.