ഉള്‍ക്കൊള്ളലിന്റെയും കരുതലിന്റെയും ആത്മീയത പ്രഘോഷിക്കപ്പെടണം: മാർത്തോമ്മ മെത്രാപ്പോലീത്ത
1482371
Wednesday, November 27, 2024 4:29 AM IST
ചരൽക്കുന്ന്: ഉള്‍ക്കൊള്ളലിന്റെയും കരുതലിന്റെയും ആത്മീയത പ്രഘോഷിക്കപ്പെടേണ്ട കാലഘട്ടമാണിതെന്നും വൈദികർ ഇക്കാര്യത്തിൽ ശ്രദ്ധാലുക്കളാകണമെന്നും ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. ചരൽക്കുന്നിൽ മാർത്തോമ്മ സഭയിലെ വൈദികരുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉള്‍ക്കൊള്ളലിന്റെ ആത്മീയതയെ ധരിക്കുവാന്‍ പരാജയപ്പെടുമ്പോള്‍ ഇടര്‍ച്ചകളെ ഉത്പാദിപ്പിക്കുന്ന ഇടയന്മാരായി നാം മാറുമെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. ഫ്രാന്‍സിസ് മാർപാപ്പ മാർത്തോമ്മ സഭയെ ബ്രിഡ്ജ് സഭ എന്ന് വിശേഷിപ്പിച്ചു. പാശ്ചാത്യവും പൗരസ്ത്യവും ഒന്നിക്കുന്ന ഒരു പുതിയ രീതിശാസ്ത്രം സഭയിലൂടെ ഉടലെടുത്തതാണ് ഇതിന് കാരണം. വിവിധ ഭാഷകള്‍ സംസാരിക്കുന്നവരും വിവിധ സാംസ്കാരിക പശ്ചാത്തലം ഉള്ളവരും ഒരുമിച്ചുകൂടുമ്പോഴാണ് യഥാർഥ ദൈവസഭ ഉടലെടുക്കുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
കോൺഫറൻസ് പ്രസിഡന്റ് മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. സഫ്രഗൻ മെത്രാപ്പോലീത്താമാരായ ഡോ. യുയാക്കിം മാർ കൂറിലോസ്, ഡോ. ജോസഫ് മാർ ബർണബാസ്, എപ്പിസ്കോപ്പാമാരായ തോമസ് മാർ തിമോഥെയോസ്, ഡോ. ഐസക് മാർ പീലക്സിനോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്,
സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, വികാരി ജനറാൾ റവ. ഈശോ മാത്യു, സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ദാനിയേൽ, കോൺഫ്രൻസ് കൺവീനർ റവ. ജ്യോതിഷ് സാം, ട്രഷറർ റവ. ഏബ്രഹാം വി. സാംസൺ എന്നിവർ പ്രസംഗിച്ചു.
29ന് രാവിലെ 8.30ന് മെത്രാപ്പോലീത്തയുടെ സന്ദേശത്തോടെ സമാപിക്കും. മാർത്തോമ്മ സഭയിലെ ലോകമെങ്ങുമുള്ള 1200ഓളം വൈദികർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.