അമ്മയുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പതിനഞ്ചുകാരൻ നാടിനെ മുൾമുനയിലാക്കി
1482324
Tuesday, November 26, 2024 8:16 AM IST
പന്തളം: അമ്മയുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പതിനഞ്ചുകാരൻ നാടിനെ മുൻമുനയിൽ നിർത്തിയത് ആറു മണിക്കൂറോളം. വീട്ടിൽനിന്നു പണം എടുത്തതിന് വഴക്കു പറഞ്ഞതിനേത്തുടർന്ന് വീടുവിട്ടിറങ്ങിയ കുളനട പഞ്ചായത്ത് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയെയാണ് ആറു മണിക്കൂറിനുശേഷം മാന്നാറിൽനിന്നു കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 11ന് അമ്മയുടെ കൈവശമുണ്ടായിരുന്ന ആയിരം രൂപ എടുത്തതിനെച്ചൊല്ലി വഴക്കുണ്ടാക്കി വീട്ടിൽനിന്നു പിണങ്ങിപ്പോയതാണ്.
സൈക്കിളിൽ പോയ കുട്ടിയെ കാണാതായതോടുകൂടി രക്ഷിതാക്കൾ പന്തളം പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ പന്തളം എസ്ഐ അനീഷ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന ആരംഭിച്ചു . അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനേത്തുടർന്ന് സിവിൽ പോലീസ് ടീമിനെ ഉൾപ്പെടുത്തി അഞ്ച് ഗ്രൂപ്പായി തിരിച്ചു പരിശോധന വ്യാപിപ്പിച്ചു. സിസിടിവി കാമറകളും പരിശോധനയ്ക്കു വിധേയമാക്കി. ഏറെ വൈകിയും കണ്ടെത്താൻ കഴിയാതായതോടെ നവമാധ്യമങ്ങളെയും പോലീസ് ആശ്രയിച്ചു.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും കുട്ടിയെ കാണാതായ വിവരം പരസ്യപ്പെടുത്തി. വൈകുന്നേരം അഞ്ചരയോടെ മാന്നാറിലെ ഓട്ടോ സ്റ്റാൻഡിൽ കുട്ടി നിൽക്കുന്നത് കണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് പന്തളം പോലീസിനെ വിവരം അറിയിച്ചത്. രാത്രിയോടെ കുട്ടിയെ പന്തളം പോലീസ് സ്റ്റേഷനിലെത്തിച്ചു.