ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്നു തിരി തെളിയും
1482334
Tuesday, November 26, 2024 8:16 AM IST
തിരുവല്ല: കലയുടെ സര്‍ഗോത്സവത്തിന് ഒരുക്കം പൂര്‍ത്തിയായി. ഇന്ന് ആരംഭിക്കുന്ന പത്തനംതിട്ട റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനായി തിരുമൂലപുരത്തെ അഞ്ച് സ്കൂളുകളിലായി 12 വേദികളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇനിയുള്ള നാലു ദിനരാത്രങ്ങൾ നാടിന് കലാ മാമാങ്കം. അയ്യായിരത്തോളം പ്രതിഭകള്‍ നാലു ദിവസങ്ങളിലായി മാറ്റുരയ്ക്കുന്നതാണ് ജില്ലാ സ്കൂള്‍ കലോത്സവം. 11 ഉപജില്ലകളിൽ നടന്ന കലോത്സവം, സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിവയിലെ വിജയികൾ ജില്ലാതലത്തിൽ പങ്കെടുക്കും. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായാണ് മത്സരങ്ങൾ.
തിരുമൂലപുരം എസ്എൻവി എച്ച്എസ്എസാണ് പ്രധാനവേദി. ബാലികാമഠം എച്ച്എസ്എസ്, തിരുമൂലവിലാസം യുപിഎസ്, എംഡിഎംഇഎൽപിഎസ്, ഇരുവെള്ളിപ്ര സെന്റ് തോമസ് എച്ച്എസ്എസ് എന്നിവിടങ്ങളിലും മത്സരവേദികളുണ്ടാകും. ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും തിരുമൂലപുരത്തെ സ്കൂളുകൾ ജില്ലാ കലോത്സവത്തിനു വേദികളാകുകയാണ്. അഞ്ച് സ്കൂളുകൾ തൊട്ടടുത്തുള്ള അക്ഷരനഗരി എന്ന പ്രത്യേകത തിരുമൂലപുരത്തിനുള്ളതിനുള്ളതിനാൽ ജില്ലാ കലോത്സവത്തിനുള്ള വേദിയായി ഒന്നിടവിട്ട വർഷങ്ങളിൽ ഇവ മാറാറുണ്ട്.
കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം ഇന്നു രാവിലെ ഒന്‍പതിന് പ്രധാന വേദിയിൽ നടക്കും. മന്ത്രി വീണാ ജോർജ് തിരി തെളിക്കുന്നതിനു പിന്നാലെ മത്സരങ്ങൾ ആരംഭിക്കും. സമ്മേളനത്തിൽ മാത്യു ടി. തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. ആർട്ടിസ്റ്റ് ഉല്ലാസ് പന്തളം കലാമത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ഡിഡിഇ ബി.ആർ. അനില പതാക ഉയർത്തും.
ഗോത്രകലാരൂപങ്ങൾക്ക് ഇത്തവണ പ്രത്യേക മത്സരം ക്രമീകരിച്ചിരിക്കുകയാണ്. മംഗലംകളി, പണിയ നൃത്തം, മലപ്പുലയ ആട്ടം, ഇരുളനൃത്തം, പളിയ നൃത്തം എന്നീ ഇനങ്ങളില്‍ വിദ്യാര്‍ഥികള്‍ മത്സരിക്കും. ഗോത്രവിഭാഗത്തില്‍നിന്നുള്ള പ്രഗത്ഭരാണ് വിധികര്‍ത്താക്കളെന്ന് പോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബിനു ബേക്കബ് നൈനാന് പറഞ്ഞു.
പാചകശാലയിൽ അഗ്നി പകർന്നു
തിരുവല്ല: ഇന്ന് ആരംഭിക്കുന്ന റവന്യു ജില്ല സ്കൂൾ കലോത്സവത്തിനായി ഭക്ഷണശാല പാലുകാച്ചൽ ചടങ്ങോടെ സജീവമായി. പ്രധാന വേദിക്ക് സമീപം ടിഡിഎം കൺവൻഷൻ ഹാളിലാണ് ഇത്തവണ പാചകശാല. കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന കുട്ടികൾക്കും അധ്യാപകർക്കും വിധികർത്താക്കൾക്കും അതിഥികളായെത്തുന്നവർക്കും നാലു ദിവസവും ഭക്ഷണം ഉണ്ടാകും.
നഗരസഭാ ചെയർപേഴ്സൺ അനു ജോർജ് പാലുകാച്ചൽ കർമം നിർവഹിച്ചു. ഭക്ഷണ കമ്മിറ്റി ചെയർമാൻ സജി എം. മാത്യു അധ്യക്ഷത വഹിച്ചു.
കൗൺസിലർ ലിജു എം. സക്കറിയ, ഡിഇഒ എസ്. ഷൈനി, എഇഒ വി.കെ. മിനി കുമാരി, കൺവീനർഎസ്. പ്രേം, വൈസ് ചെയർമാന്മാരായ ഫിലിപ്പ് ജോർജ്, വി. ജി. കിഷോർ, സി.കെ. ചന്ദ്രൻ, കൺവീനർമാരായ ടി.എം. അൻവർ, ഷിബു ചെപ്പള്ളിൽ അജിത് ഏബ്രഹാം, ജോൺ ജോയി, ടി. ഹാഷിം, റഹ്മത്തുള്ള ഖാൻ, ജോസ് മത്തായി, മുഹമ്മദ് അക്ബർ എന്നിവർ പ്രസംഗിച്ചു.
സ്കൂൾ കലോത്സവങ്ങളിലടക്കം മേളകൾക്ക് സദ്യവട്ടം ഒരുക്കുന്നതിൽ പേരെടുത്ത ഓമല്ലൂർ അനിൽ ബ്രദേഴ്സിനാണ് ഭക്ഷണച്ചുമതല. അധ്യാപക സംഘടനയായ കെപിഎസ്ടിഎയാണ് ഇത്തവണ ഭക്ഷണ നിർവഹണച്ചുമതല നിർവഹിക്കുന്നത്.
കലോത്സവ വേദികളിൽ ഇന്ന്
(മത്സരങ്ങൾ യുപി, എച്ച്എസ്,
എച്ച്എസ്എസ് ക്രമത്തിൽ)
വേദി ഒന്ന് (പന്തൽ) - മാർഗം കളി, പരിചമുട്ടുകളി, ചവിട്ടുനാടകം.
വേദി രണ്ട് (എസ്എൻവി എച്ച്എസ്) - തിരുവാതിര.
വേദി മൂന്ന് (എസ്എൻവി എച്ച്എസ്) - നാടൻപാട്ട് (എച്ച്എസ്, എച്ച്എസ്എസ്)
വേദി നാല് (എസ്എൻവിഎച്ച്എസ്) - ശാസ്ത്രീയസംഗീതം.
വേദി അഞ്ച് (തിരുമൂലവിലാസം യുപിഎസ്) - കേരള നടനം, സംഘനൃത്തം.
വേദി ആറ് (എംഡിഇഎംഎൽപിഎസ്) - ഉപകരണ സംഗീതം വയലിൻ (പാശ്ചാത്യം), ഗിറ്റാർ, ബ്യൂഗിൾ/ ക്ലാറനെറ്റ്, ട്രിപ്പിൾ/ ജാസ്.
വേദി ഏഴ് (ബാലികാമഠം എച്ച്എസ്എസ്) - ചെണ്ട / തായന്പക, ചെണ്ടമേളം, പഞ്ചവാദ്യം.
വേദി എട്ട് (ബാലികാമഠം എച്ച്എസ്എസ്) - വഞ്ചിപ്പാട്ട് (എച്ച്എസ്, എച്ച്എസ്എസ്)
വേദി ഒന്‍പത് (ബാലികാമഠം എച്ച്എസ്എസ്) - പദ്യം ചൊല്ലൽ (തമിഴ്), പ്രസംഗം (തമിഴ്).
രചനാമത്സരങ്ങൾ ഇരുവെള്ളിപ്ര സെന്റ് തോമസ് സ്കൂളിൽരാവിലെ പത്തു മുതൽ
ചിത്രരചന (പെൻസിൽ, ജലഛായം, എണ്ണഛായം, കാർട്ടൂൺ, കൊളാഷ്)
ഉപന്യാസം, കഥാരചന, കവിതാരചന (മലയാളം, ഇംഗ്ലീഷ്, ഹിന്ദി).
സംസ്കൃതോത്സവം രചനാ മത്സരങ്ങൾ, പ്രശ്നോത്തരി.
അറബി കലോത്സവം രചനാ മത്സരങ്ങൾ.