ശബരിമലയില്‍ രണ്ടാം ബാച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു
1482333
Tuesday, November 26, 2024 8:16 AM IST
ശബരിമല: മണ്ഡലകാലത്തെ രണ്ടാം ബാച്ച് പോലീസ് സേന ചുമതലയേറ്റു. തിരക്ക് നിയന്ത്രണം, ബോംബ് സ്ക്വാഡ്, ഇന്റലിജന്‍സ് തുടങ്ങിയ ഡ്യൂട്ടികളിലാണ് പോലീസിന്റെ നിയമനം.
സ്പെഷല്‍ ഓഫീസര്‍ എസ്പി കെ.ഇ. ബൈജു പുതുതായി ചുമതലയേല്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി.
ഡിസംബര്‍ ആറുവരെയുള്ള 12 ദിവസമാണ് രണ്ടാം ബാച്ചിന് ഡ്യൂട്ടി. എട്ട് ഡിവൈഎസ്പിമാരുടെ കീഴില്‍ എട്ട് ഡിവിഷനുകളില്‍ 27 സിഐ, 90 എസ്ഐ, എഎസ്ഐ, 1,250 എസ്സിപിഒ, സിപിഒമാരാണ് സന്നിധാനത്ത് ഭക്തരുടെ തിരക്ക് നിയന്ത്രണത്തിന്നായി വിന്യസിച്ചിട്ടുള്ളത്. മൂന്ന് ഷിഫ്റ്റായി തിരിച്ചാണ് ഡ്യൂട്ടി ക്രമീകരിച്ചിട്ടുള്ളത്.
ഒരു ഡിവൈഎസ്പി, രണ്ട് സിഐ, 12 എസ്ഐ, എഎസ്ഐ, 155 എസ്സിപിഒ, സിപിഒ എന്നിവരടങ്ങുന്ന ഇന്റലിജന്‍സ് ബോംബ് സ്ക്വാഡ് ടീമും ചുമതയേറ്റു.
പത്തനംതിട്ട എസ്പി വി.ജി. വിനോദ് കുമാര്‍, ഡിവൈഎസ്പിമാര്‍ മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
25,000 രൂപ പിഴയിട്ട് സിവില്‍ സപ്ലൈസ് വകുപ്പ്
ശബരിമല: സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ കടകളില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് നടത്തിയ പരിശോധനകളില്‍ പായ്ക്കിംഗിലെ ന്യൂനതകള്‍ കണ്ടെത്തി കമ്പനികള്‍ക്ക് പിഴയിട്ടു. സന്നിധാനത്ത് നടത്തിയ 17 പരിശോധനകളില്‍ ന്യൂനത കണ്ടെത്തിയ രണ്ടു കേസുകളില്‍ 25,000 രൂപയാണ് പിഴയായി ചുമത്തിയത്. തുടര്‍ന്നും മണ്ഡലകാലം അവസാനിക്കുന്നതുവരെ കര്‍ശനമായ പരിശോധനകള്‍ തുടരും.