വിവരാവകാശത്തിന്റെ ചിറകരിയരുത്: കമ്മീഷണർ
1467153
Thursday, November 7, 2024 4:29 AM IST
പത്തനംതിട്ട: രാജ്യത്ത് വിവരാവകാശ നിയമത്തിന്റെ ചിറകരിയാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നും ജനപക്ഷനിയമം സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ. അബ്ദുൾ ഹക്കിം. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും ചേര്‍ന്നു സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അലസരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരും ജനങ്ങളിൽനിന്നു പലതും മറച്ചുവയ്ക്കാൻ ആഗ്രഹിക്കുന്ന ഭരണാധികാരികളും ഈ നിയമത്തിന്റെ പവിത്രത ഉൾക്കൊള്ളാൻ ഒരുക്കമല്ലെന്നാണ് അനുഭവം. നിയമത്തിൽ വിവരം പുറത്തു നൽകേണ്ടതില്ലെന്നു വിവരിക്കുന്ന വകുപ്പുകൾക്കാണ് ഇതിനകം ഏറെ പ്രചാരണവും പ്രയോഗവും ലഭിച്ചിട്ടുള്ളതെന്ന് അബ്ദുൾ ഹക്കിം ചൂണ്ടിക്കാട്ടി.
വിവരാവകാശ നിയമപ്രകാരം മറുപടി നൽകുന്ന ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്തു കളയുമെന്ന തരത്തിൽ ചിലരുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ സമീപകാലത്തായി ഉണ്ടായിട്ടുണ്ട്. എന്നാൽ വിവരാവകാശ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള വകുപ്പുകളും ശേഷിയും കമ്മീഷനുണ്ടെന്നും ഹക്കിം പറഞ്ഞു.
മലയാളത്തില്‍ ചിന്തിക്കുന്നവര്‍ മലയാളത്തിലാണ് ചോദ്യങ്ങള്‍ക്കു മറുപടി നല്‍കേണ്ടതെന്നും ചോദ്യോത്തര വേളയില്‍ അദ്ദേഹം വ്യക്തമാക്കി.
ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ സുമീത് കുമാര്‍ ഠാക്കൂര്‍, എഡിഎം ബീന എസ്. ഹനീഫ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി.ആർ. അനില, ഡെപ്യൂട്ടി കളക്ടര്‍മാരായ ബി. ജ്യോതി, ജേക്കബ് ടി. ജോര്‍ജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.