അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി കൊടുമൺ സ്റ്റേഡിയത്തിൽ ആരംഭിച്ചു
1467150
Thursday, November 7, 2024 4:29 AM IST
പത്തനംതിട്ട: ബംഗളൂരു റിക്രൂട്ടിംഗ് മേഖലാ ആസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി (ആർമി)
കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. 13 വരെയാണ് റിക്രൂട്ട്മെന്റ് റാലി.
കഴിഞ്ഞ ഏപ്രിൽ 22 മുതൽ മേയ് ഏഴുവരെ നടത്തിയ ഓൺലൈൻ പൊതുപ്രവേശന പരീക്ഷയിൽ (സിഇഇ) സംസ്ഥാനത്തുനിന്നുള്ള അഗ്നിവീർ വിഭാഗവും കേരള, കർണാടക, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള റെഗുലർ വിഭാഗത്തിൽപ്പെട്ട യോഗ്യത നേടിയ പുരുഷ അപേക്ഷകരുമാണ് റാലിയിൽ പങ്കെടുക്കുന്നത്.
അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലർക്ക്, സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മെൻ എന്നീ വിഭാഗങ്ങളിലേക്കുള്ള റാലിയിൽ തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർഥികളും
കേരള, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട സോൾജിയർ നഴ്സിംഗ് അസിസ്റ്റന്റ്, നഴ്സിംഗ് അസിസ്റ്റന്റ് വെറ്ററിനറി, ശിപായി ഫാർമ, ആർടി ജെസിഒ (റിലീജിയസ് ടീച്ചേഴ്സ് ജൂണിയർ കമ്മീഷൻഡ് ഓഫീസർ), ഹവിൽദാർ സർവേയർ ഓട്ടോ കാർട്ടോ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗാർഥികളുമാണ് റാലിയിൽ പങ്കെടുക്കുന്നത്.
കൊടുമണ്ണും സമീപ സ്ഥലങ്ങളും ഉദ്യോഗാർഥികളെക്കൊണ്ടു നിറഞ്ഞിട്ടുണ്ട്. ലോഡ്ജുകളിലും വീടുകളിലുമൊക്കെയായാണ് താമസം. ഉച്ചകഴിഞ്ഞുള്ള മഴ ചെറിയ തടസങ്ങൾ ഉണ്ടാക്കുന്നുണ്ട്. പുറമേ നിന്നും ആരെയും സ്റ്റേഡിയത്തിലേക്ക് കടത്തി വിടുന്നില്ല. ശക്തമായ സുരക്ഷാ സംവിധാനത്തിലാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.