പിഞ്ചുബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: പ്രതിയായ രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ
1466933
Wednesday, November 6, 2024 4:48 AM IST
പത്തനംതിട്ട: തമിഴ്നാട് സ്വദേശിനിയായ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛന് കുറ്റക്കാരനെന്ന് കോടതി. വിധി നാളെ പ്രസ്താവിക്കും. പത്തനംതിട്ട അഡീഷണല്‍ ഒന്നാംക്ലാസ് പോക്സോ കോടതിയാണ് കേസ് പരിഗണിച്ചത്. കുട്ടിയുടെ രണ്ടാനച്ഛനും രാജപാളയം സ്വദേശിയുമായ അലക്സ് പാണ്ഡ്യനെയാണ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയത്.
2021 ഏപ്രിൽ അഞ്ചിന് ഇവരുടെ താമസസ്ഥലമായ കുന്പഴയിലാണ് സംഭവം നടന്നത്. കുട്ടിയെ മര്‍ദിച്ചും ലൈംഗികമായി പീഡിപ്പിച്ചും കൊന്നതായാണ് കേസ്. കൊടുംക്രൂരത കാട്ടിയ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പെണ്‍കുട്ടിയുടെ അമ്മയും കുമ്പഴയിലെ നാട്ടുകാരും.
പത്തനംതിട്ട പോലീസ് കുറ്റപത്രം നൽകിയ കേസിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളിലും പോക്സോ നിയമപ്രകാരവുമാണ് പ്രതി കുറ്റക്കാരനായി കോടതി കണ്ടെത്തിയത്. കേസ് പരിഗണിക്കുന്ന ഒന്നാംക്ലാസ് പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ മുന്‍പാകെ നാളെ ശിക്ഷയെ സംബന്ധിച്ച് പ്രോസിക്യൂഷന്റെ വാദം കേൾക്കും. തുടർന്നായിരിക്കും ശിക്ഷാവിധി.
ക്രൂരമായ കൊലപാതകം
തമിഴ്നാട് രാജപാളയം സ്വദേശികളായ അലക്സ് പാണ്ഡ്യനും കനകയും കുന്പഴയിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. കനകയുടെ ആദ്യവിവാഹത്തിലെ രണ്ടു മക്കളിൽ മൂത്ത കുട്ടിയാണ് പീഡനത്തിനിരയായത്. കുട്ടിയുടെ അമ്മ സമീപത്തെ വീട്ടിൽ ജോലിക്കുപോയി മടങ്ങിവന്നപ്പോൾ ശരീരം മുഴുവൻ കത്തികൊണ്ടു വരഞ്ഞ നിലയിൽ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
രണ്ടാനച്ഛനായ അലക്സ് പാണ്ഡ്യനൊപ്പം കുട്ടിയെ വീട്ടിലിരുത്തിയശേഷമാണ് മാതാവ് ജോലിക്കു പോയിരുന്നത്. കുഞ്ഞിന് എന്തു സംഭവിച്ചുവെന്നു ചോദിച്ചപ്പോൾ അമ്മയെ ഇയാൾ മർദിച്ചു. നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ കണ്ട ഡോക്ടർമാർ പോലീസിനെ വിവരം അറിയിച്ചു. ജനറല്‍ ആശുപത്രിയിലെത്തിയ മാതാവിന്റെ മൊഴിയിലാണ് സംഭവം കൊലപാതകമെന്ന് തിരിച്ചറിയുന്നത്. രണ്ടാനച്ഛന് കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മാതാവ് കനക പോലീസിനോട് പറഞ്ഞു.
കുട്ടിക്കു ശരീരമാസകലം മുറിവേറ്റിരുന്നു. കൂടാതെ രഹസ്യ ഭാഗങ്ങളില്‍ നീര്‍ക്കെട്ട് ഉള്ളതായും കണ്ടെത്തി. കുട്ടിയെ അലക്സ് മര്‍ദിക്കുന്നത് പതിവായിരുന്നെന്നു മാതാവ് പോലീസിന് മൊഴിനല്‍കിയിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിനും അഞ്ചുവയസുകാരി ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. 67 മുറിവുകൾ ശരീരത്തിലുണ്ടായിരുന്നു. കത്തികൊണ്ടു വരഞ്ഞതും സ്പൂൺ കൊണ്ട് കുത്തിയതുമായിരുന്നു മുറിവുകൾ. കോട്ടയം മെഡിക്കൽ കോളജിലാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്.
പ്രതി ലഹരിക്ക് അടിമയായിരുന്നതായി പറയുന്നു. കുന്പഴയിൽനിന്നു സംഭവദിവസം തന്നെ കസ്റ്റഡിയിലെടുത്ത ഇയാൾ ആദ്യം ജീപ്പിൽനിന്നു പുറത്തുചാടി ചില്ല് തകർത്തിരുന്നു. രാത്രിയിൽ വിലങ്ങുമായി ലോക്കപ്പ് ചാടിയും ശ്രദ്ധേയനായി. രാത്രി മുഴുവൻ നീണ്ട തെരച്ചിലിനൊടുവിൽ ഇയാളെ കുന്പഴ തുണ്ടുമൺകരയിൽനിന്നു കണ്ടെത്തി.
പത്തനംതിട്ട എസ്എച്ച്ഒ ആയിരുന്ന ബിനീഷ് ലാലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നു. അന്വേഷണം പൂർത്തീകരിച്ച് കോടതിയിൽ കുറ്റപത്രം എത്തിയതിനു പിന്നാലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നവീൻ എം. ഈശോയെ സർക്കാർ നിയമിച്ചു.
പ്രതിക്കെതിരായ തെളിവുകൾ
കേസിന്റെ വിചാരണ സമയത്ത് എല്ലാ സാക്ഷികളും കൃത്യമായി മൊഴി നൽകിയത് പ്രോസിക്യൂഷന് ഗുണകരമായി. കൊപാതകം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾ തെളിഞ്ഞതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ നവീൻ എം. ഈശോ പറഞ്ഞു.
ശക്തമായ സാഹചര്യത്തെളിവുകളും കുട്ടി നേരത്തെ പലരോടും പറഞ്ഞിട്ടുള്ള മൊഴികളും കേസിന് അനുകൂലമായി. കുട്ടിയുടെ മരണമൊഴിയെന്നവണ്ണമാണ് സാക്ഷി മൊഴികളെ കോടതി കണ്ടത്. ഡിഎൻഎ അടക്കം ശാസ്ത്രീയ തെളിവുകളും ഉണ്ടായിരുന്നു.
ഇന്നലെ കേസിന്റെ വിധി ഉണ്ടാകുമെന്നറിഞ്ഞ് നിരവധിപ്പേർ കോടതിയിൽ എത്തിയിരുന്നു. യാതൊരു കൂസലുമില്ലാതെയാണ് പ്രതി അലക്സ് പാണ്ഡ്യൻ കോടതിയിൽ നിന്നത്.