നാടു കാണാനെത്തിയ മയിലമ്മയും കുഞ്ഞുങ്ങളും ളാക്കൂരിന് കൗതുക കാഴ്ചയേകുന്നു
1466947
Wednesday, November 6, 2024 4:59 AM IST
പത്തനംതിട്ട: നാട്ടിലിറങ്ങിയതിനു പിന്നാലെ ളാക്കൂരുകാർക്ക് പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ് മലയിമ്മയും കുഞ്ഞുങ്ങളും. ഒരു മയിലും രണ്ട് കുട്ടിമയിലുകളും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ളാക്കൂരിൽ സ്ഥിരസാന്നിധ്യമാണ്.
നാട്ടിലെത്തിയ മയിലമ്മയും കുട്ടിമയിലുകളും പ്രദേശവാസികള്‍ക്കും വീട്ടുകാര്‍ക്കും കൗതുകക്കാഴ്ചയാണ് സമ്മാനിക്കുന്നത്. ളാക്കൂര്‍ എന്‍എസ്എസ് കരയോഗമന്ദിരത്തിനു സമീപമുള്ള വീടുകളില്‍ രണ്ടാഴ്ചയായി ഇവയുടെ സാന്നിധ്യമുണ്ട്.
എവിടെ നിന്നെത്തിയതാണെന്ന് ആര്‍ക്കും അറിയില്ല. ഒരു ദിവസം രാവിലെ വീട്ടുമുറ്റത്ത് പ്രത്യക്ഷപ്പെട്ടതോടെയാണ് വീട്ടുകാരും പ്രദേശവാസികളും മയിലുകളെ കാണുന്നത്. വീട്ടുകാര്‍ കടലയും അരിയും ഭക്ഷണമായി നല്‍കിയതോടെ വീട്ടുകാരുടെ അരുമയായി മയിലമ്മ ഇണങ്ങി.
ളാക്കൂര്‍ വയലിറക്കത്ത് ശശാങ്കന് നായരുടെ വീട്ടിലാണ് മിക്കപ്പോഴും ഇവയെ കാണാറുള്ളത്. ആദ്യമൊക്കെ മനുഷ്യ സാന്നിധ്യം മനസിലാക്കി പറന്ന് അകലുമായിരുന്നു. ഇപ്പോള്‍ ആരു വന്നാലും ഇവയ്ക്ക് ഭയമില്ല. രാവിലെ എത്തി ഭക്ഷണവും കഴിച്ച് വൈകുന്നേരംവരെ വീടുകളുടെ സമീപത്ത് കറങ്ങി നടക്കുന്നവ രാത്രിയോടെ സമീപത്തെ മരത്തിൽ ചേക്കേറും.
മയിലമ്മയും കുട്ടികളും എത്തിയതോടെ ഇവയെ കാണാനും ഫോട്ടോ പകര്‍ത്താനുമായി സമീപ പ്രദേശങ്ങളില്‍നിന്ന് ഒട്ടേറെ ആളുകള്‍ എത്തുന്നുണ്ട്. മയിലുകള്‍ നാട്ടിന്‍പുറത്ത് വിഹരിക്കാറുണ്ടങ്കിലും കുട്ടികളുമായി ദിവസങ്ങളോളം വീടുകളുടെ പരിസരത്ത് കറങ്ങി നടക്കുന്നത് അപൂര്‍വ കാഴ്ചയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.