അടൂരിൽ കടകൾക്കു നേരേ വീണ്ടും ആക്രമണം
1466766
Tuesday, November 5, 2024 7:58 AM IST
അടൂർ: അടൂർ നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾക്കു നേരേ വീണ്ടും ആക്രമണം.
ലിൽ കബ്സ് കിഡ്സ് ഷോപ്പ്, ബാഗ് ബസാർ ഫുട്ട് വെയർ ആൻഡ് ബാഗ്സ്, സ്കോട്ടിയ മെൻസ് വെയർ എന്നീ സ്ഥാപനങ്ങളുടെ മുൻ വശത്തെ വലിയ ഗ്ലാസുകളാണ് തല്ലിത്തകർത്തത്.
മൂന്നാം തവണയാണ് ഈ കടകൾക്കുനേരേ ആക്രമണം ഉണ്ടാകുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഇതേ കടകളുടെ ഗ്ലാസുകൾ തകർത്തപ്പോൾ പോലീസിൽ പരാതി നൽകുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ പ്രതികളെ പിടികൂടാൻ സാധിച്ചില്ല.
സിജോ ജോൺ, ഡാനിയേൽ ഉമ്മൻ, താജുദീൻ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനങ്ങൾ. വ്യക്തിപരമായോ വ്യാപാര സംബന്ധമായോ തർക്കങ്ങളോ അഭിപ്രായ വത്യാസങ്ങളോ ഇല്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെങ്കിൽ സാമൂഹ്യ വിരുദ്ധർ മറ്റ് കടകളിലും ഇത്തരം അക്രമങ്ങൾ നടത്താനിടയുണ്ടെന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങളിൽ വൻനഷ്ടമാണ് സ്ഥാപനങ്ങൾക്കുണ്ടായിട്ടുള്ളത്. അക്രമിയുടെ മുഖം മറച്ച ദൃശ്യങ്ങൾ സമീപത്തെ സിസിടിവി കാമറകളിൽനിന്നു ലഭ്യമായിട്ടുണ്ട്. രാപകൽ വ്യത്യാസമില്ലാതെ വാഹനങ്ങൾ പോകുന്ന കെപി റോഡരികിലാണ് കടകൾ സ്ഥിതി ചെയ്യുന്നത്.