തെള്ളിയൂർക്കാവ് വാണിഭം ദേവസ്വം ബോർഡ് ചുമതലയിൽ
1467151
Thursday, November 7, 2024 4:29 AM IST
തെള്ളിയൂര്‍ക്കാവ്: ഭഗവതി ക്ഷേത്രമതിലകത്ത് 16ന് ആരംഭിക്കുന്ന വാണിജ്യമേളയായ വൃശ്ചികവാണിഭത്തിന്റെ സമ്പൂര്‍ണ ഉത്തരവാദിത്വം ഇത്തവണ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്. വാണിഭമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് റവന്യു, തദ്ദേശ, പോലീസ്, ആരോഗ്യ, വൈദ്യുതി വകുപ്പുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്കാന് കഴിഞ്ഞ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി.
പ്രമോദ് നാരായണന് എംഎല്‍എയുടെ അധ്യക്ഷതയിലായിരുന്നു യോഗം. പോലീസ്, അഗ്നിശമനസേന, ആരോഗ്യവകുപ്പ് വിഭാഗങ്ങള്‍ക്ക് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ദേവസ്വംബോര്‍ഡ് ഒരുക്കും. നിലവിലുള്ള ശുചിമുറികള്‍ കൂടാതെ 10 ബയോടോയ്ലറ്റുകളും ദേവസ്വംബോര്‍ഡ് ക്രമീകരിക്കും. ഇതിനായി പ്രത്യേക വാട്ടര്‍ടാങ്കും സ്ഥാപിക്കും.
ചരല്‍ക്കുന്ന് - മൈലാടുംപാറ ക്ഷേത്രത്തില്‍നിന്നും ആചാരപൂർവം എത്തിക്കുന്ന ധാന്യം തെള്ളിയൂര്‍ ക്ഷേത്രകൊടിമരച്ചുവട്ടില് 16നു രാവിലെ ഒന്പതിനു സമര്‍പ്പിച്ചാണ് മേള ആരംഭിക്കുന്നത്. നൂറോളം കടകള്‍ ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ഭൂമിയില്‍ ഉണ്ടാകും. ഡിസംബര്‍ ഒന്നുവരെ നീളുന്ന മേളയിലെ പ്രധാന ആകര്‍ഷണം ഉണക്കസ്രാവാണ്.