നെൽവിത്ത് മുളച്ചില്ല; അപ്പർകുട്ടനാട് കർഷകർ ആശങ്കയിൽ
1466940
Wednesday, November 6, 2024 4:48 AM IST
തിരുവല്ല: നാഷണല്‍ സീഡ് കോര്‍പറേഷനില്‍നിന്ന് ഇത്തവണ ലഭിച്ച നെല്‍വിത്ത് മുളയ്ക്കാത്തത് അപ്പര്‍കുട്ടനാട്ടില്‍ കൃഷിയെ ബാധിക്കുമെന്ന് ആശങ്ക. വേങ്ങല്‍ പാടത്തെ വിത കഴിഞ്ഞ ദിവസം നടത്താനിരുന്നതാണ്. എന്നാല്‍ വിത്തിന് കിളിര്പ്പില്ലാത്തതു കാരണം കര്‍ഷകര്‍ മടിച്ചു നിൽക്കുകയാണ്.
പെരിങ്ങര സര്‍വീസ് സഹകരണസംഘം സബ്സിഡി നിരക്കില്‍ കര്‍ഷകരില്‍നിന്ന് മുന്‍കൂര്‍ പണം സ്വീകരിച്ചാണ് നാഷണല്‍ സീഡ് കോര്‍പറേഷന്റെ വിത്തിനം 15 ദിവസം മുമ്പ് നല്‍കിയത്. 60 ശതമാനം വിത്തുപോലും മുളയ്ക്കുന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. ചാക്കില്‍ കെട്ടി വിത്ത് നനച്ച് കിളിര്‍പ്പിച്ചാണ് വിതയ്ക്കുന്നത്. കര്‍ഷകരുടെ പരാതിയെത്തുടര്‍ന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ, കോര്പറേഷന് അധികൃതര്‍ സ്ഥലത്തെത്തി സാമ്പിള്‍ ശേഖരിച്ചു.
പടവിനകം ബി, പാണാകേരി പാടത്തെ കര്‍ഷകരിൽനിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. വിതയ്ക്കാനുള്ള തീയതി നിശ്ചയിച്ച പടവിനകം ബി പാടത്തെ കര്‍ഷകര്‍ സീഡ് കോര്‍പറേഷന്റെ വിത്ത് ഒഴിവാക്കി സ്വകാര്യ ഏജന്‍സിയുടെ വിത്ത് വാങ്ങി ദീപാവലി നാളില്‍ തന്നെ വിതച്ചു.
എന്നാല്‍ മറ്റു പാടങ്ങളിലെ കര്‍ഷകര്‍ പ്രശ്നപരിഹാരത്തിനായി കൃഷിവകുപ്പ് അധികൃതരെ സമീപിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ നീണ്ടുപോകുന്നതിനാല്‍ എപ്പോള്‍ വിത്ത് വിതയ്ക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ കര്‍ഷകര്‍ ആശങ്കയിലാണ്. കഴിഞ്ഞദിവസം സാമ്പിള്‍ ശേഖരിച്ച വിത്ത് പരിശോധിച്ചതിന്റെ ഫലം അറിഞ്ഞശേഷമേ തുടർനടപടികൾക്കുള്ളൂവെന്ന് കർഷകർ പറയുന്നു.