എംസി റോഡിൽ ടൂറിസ്റ്റ് ബസിന് തീ പിടിച്ചു
1466769
Tuesday, November 5, 2024 7:58 AM IST
അടൂർ: എംസി റോഡിൽ ടൂറിസ്റ്റ് ബസിനുള്ളിൽ തീ പിടിച്ചു. ഒഴിവായത് വൻദുരന്തം. ഗുജറാത്ത് സ്വദേശികളുമായി തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കു വിനോദയാത്ര പോയ 30 അഗ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസിന്റെ എൻജിൻ ഭാഗത്താണ് തീ പടർന്നത്.
ഏനാത്ത് മഹർഷിക്കാവ് ഭാഗത്ത് വാഹനത്തിൽനിന്ന് പുക ഉയരുന്നതുകണ്ട് ആളുകൾ ഡ്രൈവറെ വിവരം അറിയിച്ചതിനേത്തുടർന്ന് വാഹനം നിർത്തി നോക്കിയപ്പോൾ ഡ്രൈവർ കാബിന് അടിഭാഗത്തായി തീ കത്തുന്നത് കണ്ടു. നാട്ടുകാർ അഗ്നിശമന സേനയെയും ഏനാത്ത് പോലീസിനെയും വിവരം അറിയിച്ചു.
വാഹനത്തിനുള്ളിൽനിന്ന് യാത്രക്കാരെ ഉടൻ പുറത്തിറക്കി വെള്ളം പമ്പ് ചെയ്തു എൻജിൻ ഭാഗത്ത് ഉയർന്ന തീ പൂർണമായും അണച്ചു.
വാഹനത്തിനുള്ളിൽ നിറഞ്ഞ പുക അഗ്നിശമന സേന ബസിന്റെ റൂഫ് ടോപ്പ് ഉയർത്തി പുറത്തേക്കു തുറന്നുവിട്ടു. എൻജിൻ ഭാഗത്തെ ഷോർട്ട് സർക്യൂട്ട് മൂലം ഉണ്ടായ കനത്ത ചൂടിൽ ഓയിലും കത്തിയിരുന്നു.
തൃശൂർ സ്വദേശി രജീഷ്മയുടെ ഉടമസ്ഥതയിലുള്ളതാണ് ടൂറിസ്റ്റ് ബസ്. ഡ്രൈവർ ആകാശിന്റെ സമയോചിതമായ ഇടപെടലിലൂടെ വലിയൊരു അത്യാഹിതമാണ് ഒഴിവായത്. അഗ്നിശമന
സ്റ്റേഷൻ ഓഫീസർ വി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ഏനാത്ത് എസ്ഐയുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീക രിച്ചു.