ചെങ്ങരൂർ കലോത്സവവേദികൾ ഹരിതമയം
1466946
Wednesday, November 6, 2024 4:59 AM IST
മല്ലപ്പള്ളി: സെന്റ് തെരേസാസ് ബഥനി കോൺവെന്റ് സ്കൂൾ ആതിഥേയത്വം അരുളുന്ന മല്ലപ്പള്ളി ഉപജില്ലാ കലോത്സവം പൂർണമായും ഹരിതമയം. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് "ഹരിത കലോത്സവം' എന്ന രൂപത്തിൽ നവീന മാതൃക സൃഷ്ടിച്ചിരിക്കുകയാണ്.
യുവാ - യൂണിസെഫിന്റെ പിന്തുണയോടെ നാഷണൽ യൂത്ത് ക്ലൈമറ്റ് കൺസോർഷ്യത്തിന്റെ
ക്ലൈമറ്റ് ചാമ്പ്യൻ ഫെലോഷിപ് നേടിയ അബു ഏബ്രഹാം മാത്യുവിന്റെ സഹകരണത്തോടെയാണ് ഹരിതച്ചട്ടം പാലിച്ചു കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന നിരവധി സംരംഭങ്ങളാണ് കലോത്സവ വേദികളിൽ തയാറാക്കിയിട്ടുള്ളത്. കലോത്സവ സ്ഥലത്തെ അലങ്കാരവും പ്രഖ്യാപനങ്ങളുമെല്ലാം പുനരുപയോഗ സാധനങ്ങൾ കൊണ്ടാണ് ഒരുക്കിയത്. ഇതിലൂടെ മാലിന്യങ്ങളുടെ അളവ് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു.
ബാഡ്ജുകളും പ്രസിദ്ധീകരണങ്ങളും പരിസ്ഥിതി സൗഹാർദം മുൻനിർത്തിയാണ് തയാറാക്കിയത്. വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുന്നതിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. വിദ്യാർഥികൾക്കും അധ്യാപകർക്കും ലഭ്യമായ ഓരോ ടാഗുകളും പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾകൊണ്ടു നിർമിച്ചതാണ്.
കലോത്സവത്തിനുവേണ്ടി തയാറാക്കിയ പ്രവേശന കവാടവും അലങ്കാരങ്ങളുമെല്ലാം പുനരുപയോഗ സാധ്യതയുള്ളതും ഒറ്റത്തവണ ഉപയോഗത്തിനായുള്ളവ പ്രകൃതിദത്തവുമായ ഉത്പന്നങ്ങൾ കൊണ്ടുള്ളതാണ്.
കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉറപ്പിക്കാൻ, സ്കൂൾ സമൂഹത്തിൽ ഹരിതച്ചട്ടം അനുസരിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കും ജൈവാവശിഷ്ട സംസ്കരണത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിലെ വ്യത്യസ്ത ശീലങ്ങൾ കുട്ടികൾക്കിടയിൽ പ്രചരിപ്പിക്കുക , പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക, സ്വയം കൊണ്ടുവന്ന ബോട്ടിലുകൾ ഉപയോഗിച്ച് വെള്ളം റീഫിൽ ചെയ്യുക, മാലിന്യസംസ്കരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക തുടങ്ങിയവയിലൂടെ വിദ്യാർഥികൾക്ക് സുസ്ഥിരമായ ജീവിതശൈലികൾ പ്രോത്സാഹിപ്പിക്കുന്നതിന് കലോത്സവം ഒരു മാതൃകയാകുകയാണ്. രണ്ടുദിവസമായി നടന്നുവരുന്ന കലോത്സവം ഇന്നു സമാപിക്കും.