വാടകവീട് കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന: സിആർപിഎഫ് മുൻ ഉദ്യോഗസ്ഥനടക്കം മൂന്നുപേർ പിടിയിൽ
1466936
Wednesday, November 6, 2024 4:48 AM IST
കൊടുമണ്‍: ഐക്കാട് വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന സിആർപിഎഫ് മുൻ ഉദ്യോഗസ്ഥനും സഹോദരനും സുഹൃത്തും അറസ്റ്റില്‍.
പന്തളം മങ്ങാരം അരുണ്‍ ഭവനം വീട്ടില്‍ എസ്. അരുണ്‍, സഹോദരന് അഖില്‍, പത്തനംതിട്ട പ്രമാടം പൂങ്കാവ് നെല്ലിനില്‍ക്കുന്നതില്‍ വീട്ടില്‍ എസ്. സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. അരുണ്‍ മുന്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥനാണ്. ഇയാളുടെ സഹോദരനായ അഖില്‍ പന്തളം പോലീസ് സ്റ്റേഷനിലെ രണ്ട് അടിപിടിക്കേസുകളില്‍ പ്രതിയാണ്.
കൊടുമണ്‍ ഐക്കാട് റെയില്പുരം ജോണ്‍സന്റെ വീട്ടില്‍ ആറുമാസമായി ഇവർ വാടകയ്ക്ക് താമസിച്ചു വരികയാണ്. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന.
നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ജെ. ഉമേഷ് കുമാര്‍, അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘവും ഡാന്‍സാഫ് ടീമും ഇന്നലെ വൈകുന്നേരം വീട് വളഞ്ഞു, ബലമായി വാതില്‍ തുറന്ന് അകത്തുകയറി പ്രതികളെ പിടികൂടുകയായിരുന്നു. പോലീസിനെക്കണ്ട് അഖില്‍ കഞ്ചാവ് ക്ലോസറ്റില്‍ ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.