ശബരിമല തീർഥാടനം: ആരോഗ്യവകുപ്പ് ക്രമീകരണങ്ങൾ വിപുലമാക്കും
1466765
Tuesday, November 5, 2024 7:58 AM IST
പത്തനംതിട്ട: ശബരിമല തീർഥാടകർക്കായി മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. തീർത്ഥാടനവുമായി ബന്ധപ്പെട്ട് പമ്പ ശ്രീരാമസാകേതം ഹാളിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ അവലോകന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ആശുപത്രികളിൽ പ്രത്യേകം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ ശബരിമല പ്രത്യേക ആശുപത്രിയായി കോന്നി മെഡിക്കൽ കോളജിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഐസിയു, വെന്റിലേറ്റർ സൗകര്യം ഉൾപ്പെടെ 30 ബെഡുകളും കാഷ്വാൽറ്റിയിൽ പ്രത്യേകം ബെഡുകളും സജ്ജീകരിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളജിലും തീർഥാടകർക്കായി ബെഡുകൾ ക്രമീകരിച്ചിട്ടുണ്ട്.
പമ്പയിലെ കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. ആരോഗ്യ പ്രവർത്തകരുടെയും വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഇവിടെ ഉറപ്പാക്കും. കളക്ടറേറ്റ്, സർക്കാർ ആശുപത്രികൾ എന്നിവയുമായി ലിങ്ക് ചെയ്ത് ടെലിഫോൺ കണക്ഷനും ലഭ്യമാക്കും.
ഭക്ഷണപദാർഥങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമായും ഉണ്ടായിരിക്കണം. വ്യാജമായി നിർമിച്ച ഹെൽത്ത് കാർഡുകൾ ശ്രദ്ധയിൽപ്പെട്ടാൽ നിർമിച്ചവർക്കും ഉപയോഗിച്ചവർക്കും എതിരേ കർശന നടപടികൾ സ്വീകരിക്കും.
ശബരിമലയിൽ സേവനത്തിന് എത്തുന്ന വോളണ്ടിയർമാർക്ക് ബേസിക് ലൈഫ് സപ്പോർട്ട്, സിപിആർ എന്നിവയിൽ പരിശീലനം നൽകും. ഇതിനായി ആരോഗ്യവകുപ്പ് പ്രത്യേക ഷെഡ്യൂൾ തയാറാക്കും.യോഗത്തിൽ പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു.