അവഗണനയിൽ ടികെ റോഡ്; കുഴികൾ നികത്താനും ഫണ്ടില്ല
1467145
Thursday, November 7, 2024 4:29 AM IST
പത്തനംതിട്ട: ശബരിമല തീർഥാടനകാലമെത്തിയിട്ടും സംസ്ഥാന പാതയായ തിരുവല്ല - കുന്പഴ റോഡിന്റെ ഗതികേട് മാറുന്നില്ല. യാത്രാത്തിരക്ക് ഏറെയുള്ള പാതയിൽ പലയിടങ്ങളിലും രൂപപ്പെട്ട കുഴികൾ നികത്താൻപോലും ഫണ്ട് അനുവദിച്ചിട്ടില്ല. വെള്ളക്കെട്ടുകളടക്കം പരിഹരിക്കാനും ആകുന്നില്ല. ശബരിമല തീർഥാടനകാലം പടിവാതിൽക്കലെത്തിയിട്ടും ടികെ റോഡിന്റെ അറ്റകുറ്റപ്പണിപോലും ആരംഭിക്കാൻ അധികൃതർക്കാകുന്നില്ല.
പത്തനംതിട്ട ജില്ലാ ആസ്ഥാനവും എംസി റോഡുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. തിരുവല്ലവരെ നീളുന്ന പാത പത്തനംതിട്ട ജില്ലയുടെ മധ്യഭാഗത്തു കൂടിയുള്ളതുമാണ്. ദീർഘദൂര ബസുകളും യാത്രക്കാരും കടന്നുപോകുന്ന പാതയുടെ വികസനവുമായി യാതൊരു നടപടിയും ഉണ്ടായിട്ടില്ല. 2014ൽ ബിഎംബിസി നിലവാരത്തിൽ റോഡ് ടാർ ചെയ്തതിനുശേഷം കാര്യമായ ഒരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല.
പത്തനംതിട്ടയിൽനിന്ന് ഇലന്തൂർ, തെക്കേമല, കോഴഞ്ചേരി, പുല്ലാട്, കുന്പനാട്, ഇരവിപേരൂർ, വള്ളംകുളം, തോട്ടഭാഗം തുടങ്ങിയ പ്രധാന ടൗണുകളിലൂടെ തിരുവല്ലവരെ എത്തുന്നതാണ് പാത.
പത്തനംതിട്ടയിൽനിന്നുള്ള വിമാന, ട്രെയിൻ യാത്രക്കാർ ആശ്രയിക്കുന്നതും ഈ പാതയാണ്.
നിലവിൽ ടികെ റോഡിന്റെ ശോച്യാവസ്ഥ യാത്രക്കാരെ ഏറെ വലയ്ക്കുന്നു. പ്രധാന ജംഗ്ഷനുകളിൽ പോലും റോഡ് കുണ്ടും കുഴിയും നിറഞ്ഞു കിടക്കുകയാണ്. തിരുവല്ല ടൗണിനോടു ചേർന്ന ഭാഗത്തെ പൂട്ടുകട്ട ഇളകിയതുപോലും നേരേയാക്കിയിട്ടില്ല.
മുൻകാലങ്ങളിൽ ശബരിമല തീർഥാടനകാലത്തിനു മുന്പായി ടികെ റോഡ് അടക്കം മെച്ചപ്പെടുത്തിയിരുന്നു. ഇതര സംസ്ഥാനക്കാരായ തീർഥാടകർ അടക്കം ഉപയോഗിക്കുന്ന പാതയാണിത്. ചെങ്ങന്നൂരിൽ ട്രെയിൻ ഇറങ്ങിയെത്തുന്ന തീർഥാടകരും ടികെ റോഡിലൂടെയാണ് പത്തനംതിട്ടവരെ എത്തേണ്ടത്.
വളവുകൾ നിവരുന്നില്ല
പ്രധാന പാതയിലെ വളവുകൾ നിവരാത്തതാണ് പ്രധാന പ്രശ്നം. അപകട സാധ്യതയുള്ള നിരവധി വളവുകളാണ് റോഡിലുള്ളത്. കുന്പനാട് കല്ലുമാലിപ്പടി, വാര്യാപുരം എന്നിവിടങ്ങളിലെ വളവുകളാണ് ഇതിൽ പ്രധാനം. നിരവധി അപകടങ്ങളാണ് ഇതിനോടകം ഈ വളവുകളിൽ നടന്നത്.
രണ്ട് വളവുകളും നിവർത്തി റോഡ് നേരെയാക്കാനുള്ള പദ്ധതി തയാറാക്കിയതാണ്. എന്നാൽ ഇതു നടപ്പായില്ല. ടികെ റോഡ് വീതികൂട്ടി നിർമിക്കാനുള്ള പദ്ധതിയും വെളിച്ചം കണ്ടില്ല. ഇരവിപേരൂർ മുതൽ തിരുവല്ല വരെയുള്ള ഭാഗത്താണ് റോഡിന്റെ വീതിക്കുറവ് കാരണം യാത്രാബുദ്ധിമുട്ടുകളേറെയുള്ളത്. തിരക്കേറിയ സമയങ്ങളിൽ ആംബുലൻസുകൾക്കുപോലും കടന്നുപോകാനാകാത്ത സാഹചര്യം പല ടൗണുകളിലും ഉണ്ടാകാറുണ്ട്.
റാന്നി റോഡ് വന്നുചേരുന്ന ഇരവിപേരൂർ ജംഗ്ഷനിൽ ഗതാഗത ക്രമീകരണത്തിന് ട്രാഫിക് സിഗ്നൽ പോലുമില്ല. ഇതിനൊപ്പം റോഡിന്റെ തകർച്ചകൂടി ആകുന്പോൾ ഗതാഗതക്കുരുക്കാകും. സ്കൂൾ സമയങ്ങളിൽ തിരക്ക് ഏറുകയും ചെയ്യും.
തോട്ടഭാഗം മുതൽ കറ്റോട് വരെയുള്ള ഭാഗങ്ങളിൽ റോഡരികിൽ പുറന്പോക്ക് സ്ഥലം വേണ്ടുവോളമുണ്ട്. റോഡ് വീതി കൂട്ടുന്നതിന് ഇതു പര്യാപ്തമാണ്. എന്നാൽ നടപടികളുണ്ടാകുന്നില്ല.