പത്തനംതിട്ട ചലച്ചിത്ര ലഹരിയിലേക്ക്: ഐഎഫ്എഫ്പി പ്രഥമ എഡിഷന് എട്ടിനു തുടക്കം
1466944
Wednesday, November 6, 2024 4:59 AM IST
പത്തനംതിട്ട: നഗരസഭ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ര്ട ചലച്ചിത്രോത്സവം എട്ടു മുതല്‍ 10 വരെ നടക്കും. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്ത് നടക്കുന്ന ആദ്യ അന്താരാഷ്ട്ര ചലച്ചിത്രമേളയാണിതെന്നു ചെയർമാൻ ടി. സക്കീർ ഹുസൈൻ പത്രസമ്മേളനത്തിൽ പറഞ്ഞു. കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടക്കുന്ന മേളയ്ക്ക് ലൂമിയര്‍ ലീഗ് ഫിലിം സൊസൈറ്റി ഏകോപനം നിര്‍വഹിക്കും.
ഉദ്ഘാടന സമ്മേളനം എട്ടിന് വൈകുന്നേരം 4.30 ന് ഐശ്വര്യ തിയറ്ററില്‍ നടക്കും. വിഖ്യാത ചലച്ചിത്രകാരന് ഷാജി എന്‍. കരുണ്‍ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്മാന് ടി. സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോർജ് ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്യും. സംവിധായകന് കവിയൂര്‍ ശിവപ്രസാദ് മുഖ്യാതിഥിയായിരിക്കും. ഫെസ്റ്റിവല്‍ ലോഗോ രൂപകല്പനയ്ക്കുള്ള സമ്മാനം ആന്റോ ആന്റണി എംപി വിതരണം ചെയ്യും. തുടര്‍ന്നു മൂന്ന് ദേശീയ അവാര്‍ഡുകള്‍ നേടിയ ആനന്ദ് ഏകര്‍ഷിയുടെ "ആട്ടം' പ്രദര്‍ശിപ്പിക്കും.
ഒമ്പതിനു രാവിലെ 9.30 മുതല്‍ നാലു സ്ക്രീനുകളിലായി പ്രദര്‍ശനം തുടരും. രാവിലെ 11ന് ടൗണ്‍ഹാളില്‍ സെമിനാര്‍, പുസ്തകപ്രകാശനം, ഓപ്പണ്‍ ഫോറം എന്നിവ നടക്കും. അദൃശ്യ ജാലകങ്ങള്‍, വലൈസ പറവകള്‍ എന്നിവയുടെ പ്രദര്‍ശനത്തിനുശേഷം സംവിധായകരായ ഡോ. ബിജു, സുനില്‍ മാലൂര്‍ എന്നിവര്‍ പ്രേക്ഷകരുമായി സംവദിക്കും.
പത്തിനു വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്, ചലച്ചിത്ര സംവിധായകന് ഡോ. ബിജു, ഫെസ്റ്റിവല്‍ ഡയറക്ടര്‍ രഘുനാഥന് ഉണ്ണിത്താന്, മെംബര്‍ സെക്രട്ടറി ജെ.എസ്. സുധീര്‍ രാജ് തുടങ്ങിയവർ പങ്കെടുക്കും.
ജനറൽ കൺവീനർ ലൂമിയർ ലീഗ് സെക്രട്ടറി എം.എസ്. സുരേഷ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. അനീഷ്, ഡെലിഗേറ്റ് കമ്മിറ്റി ചെയർമാൻ സി.കെ. അർജുനൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
28 ചലച്ചിത്രങ്ങൾ
മലയാളം, ഇന്ത്യന്‍, ലോകം എന്നീ മൂന്നു വിഭാഗങ്ങളിലായി 28 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ട്രിനിറ്റി മൂവി മാക്സ് സ്ക്രീന്‍ 2, 3, രമ്യ എന്നീ തിയറ്ററുകളും ടൗണ്‍ഹാളുമാണ് പ്രദര്‍ന വേദികള്‍.
1925-ല്‍ പുറത്തിറങ്ങിയ ബാറ്റില്‍ഷിപ്പ് പൊട്ടെംകിന് മുതല്‍ 2023-ല്‍ എത്തി നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ആട്ടം, അദൃശ്യജാലകം വരെയുള്ള സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 37 പ്രദര്‍ശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 13 മലയാള സിനിമകളാണ് പ്രദര്‍ശനത്തിനുള്ളത്. 10 ലോക ക്ലാസിക്കുകളും ഉണ്ട്.
ചലച്ചിത്രത്തിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. 11 സിനിമകൾക്ക് രണ്ടു വീതം പ്രദർശനങ്ങളുണ്ട്. ഇവ വ്യത്യസ്ത സ്ക്രീനുകളിലായിട്ടാകും പ്രദർശിപ്പിക്കുക. ഡെലിഗേറ്റ് പാസിലൂടെയാണ് പ്രവേശനം. 300 രൂപയാണ് നിരക്ക്. കോളജ് വിദ്യാർഥികൾക്ക് 150 രൂപ നൽകിയാൽ മതിയാകും.
വർണവിളക്കുകളാൽ ഒരുങ്ങി വീഥികൾ; നാളെ വിളംബര ജാഥ
പത്തനംതിട്ടയുടെ ആദ്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയെ വരവേറ്റ് നഗരവീഥികളിൽ വർണവിളക്കുകൾ തെളിഞ്ഞു. വിളംബര ജാഥ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്നാരംഭിക്കും.
ചലച്ചിത്രപ്രേമികളിൽനിന്ന് മികച്ച പ്രതികരണമാണ് മേളയ്ക്ക് ലഭിക്കുന്നത്. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി നിരവധിപേർ ഇതിനോടകം ഡെലിഗേറ്റ് രജിസ്ട്രേഷൻ പൂർത്തിയാക്കി. ടൗൺഹാളിൽ പ്രവർത്തിക്കുന്ന സംഘാടകസമിതി ഓഫീസിൽ നേരിട്ട് രജിസ്റ്റർ ചെയ്യാൻ കോളജ് വിദ്യാർഥികൾ ഉൾപ്പെടെ കൂടുതൽ പേർ എത്തുന്നുണ്ട്. ചലച്ചിത്രോത്സവത്തോടനുബന്ധിച്ചുള്ള പുസ്തകമേളയും ടൗൺഹാളിൽ നടന്നുവരികയാണ്.
മേളയുടെ ഭാഗമായി നാല് സെമിനാറുകൾ നടന്നു. ഇനി മൂന്ന് ഓപ്പൺ ഫോറങ്ങൾ നടക്കും.
രജിസ്റ്റർ ചെയ്യുന്നവർക്ക് ഫെസ്റ്റിവൽ ബുക്ക്, ഫിലിം ഷെഡ്യൂൾ, ബാഡ്ജ് എന്നിവ ഉൾപ്പെടുന്ന കിറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്കായി [email protected] എന്ന ഇമെയിൽ ഐഡിയിലും 9447945710, 9447439851 എന്ന വാട്സാപ്പ് നമ്പറുകളിലും ബന്ധപ്പെടാം. ഡെലിഗേറ്റ് രജിസ്ട്രേഷൻ ഓൺലൈനിലൂടെയും സാധ്യമാകും.