ആശുപത്രിയില്‍ നാശനഷ്ടമുണ്ടാക്കിയ യുവാക്കള്‍ അറസ്റ്റില്‍
1467152
Thursday, November 7, 2024 4:29 AM IST
തിരുവല്ല: ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആതുരലായങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം മൂന്നുപേര്‍ അറസ്റ്റില്‍. നെടുമ്പ്രം മണക്ക് ആശുപത്രിയില്‍ കഴിഞ്ഞദിവസം വൈകുന്നേരമുണ്ടായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതിയിലാണ് അറസ്റ്റ്.
തിരുവല്ല പാലിയേക്കര ചന്ത കോളനിയില്‍ പടിഞ്ഞാറേ പീടികയില്‍ വീട്ടില്‍ മിഥുന് (30), തിരുവല്ല പാലിയേക്കര ചന്ത കോളനിയില്‍ വടക്കേപീടികയില്‍ വീട്ടില്‍ അജിന് മാത്യു(24), തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപം പേരൂര്‍ വീട്ടില്‍ അഖിലേഷ് (26) എന്നിവരാണ് പിടിയിലായത്. ഡോ. പീറ്റര്‍ മണക്കിന്റെ പരാതിപ്രകാരമെടുത്ത കേസിലാണ് പുളിക്കീഴ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
ഡ്രിപ്പ് ഇടണമെന്നാവശ്യപ്പെട്ട് മദ്യലഹരിയിലെത്തി ബഹളമുണ്ടാക്കിയ യുവാക്കളെ എക്സ്-റേ ടെക്നീഷന്‍ ബിനു വര്‍ഗീസ് ചോദ്യം ചെയ്തു. സംഘം ചേർന്നെത്തിയ ഇവർ ബിനുവിനെ മര്‍ദിക്കുകയും പോലീസില്‍ പരാതി കൊടുത്താല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്, അക്രമാസക്തമായി ആശുപത്രിയിലെ കസേരകള്‍ തകർത്തു.
കേസിലെ മൂന്നാം പ്രതി അഖിലേഷ് തിരുവല്ല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ദേഹോപദ്രവക്കേസിലും അബ്കാരി കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാന്‍ഡ് ചെയ്തു.
പോലീസ് ഇന്‍സ്പെക്ടര്‍ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികള്‍ കൈക്കൊണ്ടത്. അന്വേഷണസംഘത്തില്‍ എസ്ഐ സതീഷ്കുമാര്‍, എഎസ്ഐ വിനോദ്, സിപിഒമാരായ സുജിത് പ്രസാദ്, ആരോമല്‍, രവികുമാര്‍, സുദീപ് കുമാര്‍, സന്ദീപ്, നവീന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.