വാഗ്ദാനങ്ങളിൽ പ്രതീക്ഷ അർപ്പിച്ച് നഴ്സിംഗ് കോളജിൽ രണ്ടാം ബാച്ചും എത്തി
1466768
Tuesday, November 5, 2024 7:58 AM IST
പത്തനംതിട്ട: പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളജിലേക്ക് രണ്ടാമത്തെ ബാച്ച് കുട്ടികളുമെത്തി. 60 കുട്ടികൾക്കാണ് പുതിയ ബാച്ചിലും പ്രവേശനം നൽകിയിരിക്കുന്നത്. ഒന്നാംവർഷ വിദ്യാർഥികളുടെ ആദ്യദിനം ഇന്നലെയായിരുന്നു. ഇതോടെ കോളജിൽ ഒന്നും രണ്ടും വർഷ വിദ്യാർഥികളെ ഉൾക്കൊള്ളുന്നതായി പത്തനംതിട്ട നഴ്സിംഗ് കോളജ്.
അസൗകര്യങ്ങളുടെ നടുവിലേക്കാണ് രണ്ടാമത്തെ ബാച്ചിന്റെയും വരവ്. വാടകക്കെട്ടിടത്തിൽ പരിമിതമായ സൗകര്യങ്ങളോടെയാണ് കഴിഞ്ഞ ഒരുവർഷമായി നഴ്സിംഗ് കോളജ് പ്രവർത്തിച്ചുവരുന്നത്. പുതിയ കുട്ടികൾ എത്തിയപ്പോഴും സൗകര്യങ്ങൾ കൂടിയിട്ടില്ലെങ്കിലും എല്ലാം ഉടൻ ശരിയാകുമെന്ന വാഗ്ദാനമാണ് നൽകിയിരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ നഴ്സിംഗ് കോളജാകുന്പോൾ നടപടികൾക്കു വേഗം ഉണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് കുട്ടികളും രക്ഷിതാക്കളും എത്തിയിരിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ പരിമിതം
ആദ്യബാച്ചിൽ 54 പെണ്‍കുട്ടികളാണുണ്ടായിരുന്നത്. രണ്ടാമത്തെ ബാച്ചിലും ഭൂരിഭാഗവും പെൺകുട്ടികളാണ്. ഇവർക്ക് രണ്ട് ടോയ്ലറ്റ് മാത്രമാണ് നിലവിലെ കെട്ടിടത്തിലുള്ളത്. ലൈബ്രറി, ലബോറട്ടറി സൗകര്യങ്ങളും ഇല്ലെന്ന സ്ഥിതിയാണ്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ മണ്ഡലത്തിൽ ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന നഴ്സിംഗ് കോളജിനാണ് ഈ ദുഃസ്ഥിതി.
അസൗകര്യങ്ങളുടെപേരിൽ കഴിഞ്ഞ വർഷം നിരവധി സമരങ്ങൾ നടന്നു.
എന്നാൽ, കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സർക്കാർഭാഗത്തുനിന്നു നൽകിയ ഉറപ്പുകൾ ഒന്നും പാലിച്ചില്ല. സമരം ചെയ്തതിന്റെ പേരിൽ കുട്ടികളോട് പ്രതികാര മനോഭാവത്തോടെയാണ് അധികൃതർ പിന്നീട് പെരുമാറിയത്. കുറ്റമെല്ലാം കോളജ് പ്രിൻസിപ്പലിന്റെ തലയിൽകെട്ടിവച്ച് അവരെ കാസർഗോട്ടേക്ക് മാറ്റുകയും ചെയ്തു. കുട്ടികളെയും മറ്റു കോളജുകളിലേക്ക് മാറ്റാനും ശ്രമം നടന്നിരുന്നു.
ഓഫീസ് ഒഴിപ്പിച്ച് പുതിയ ക്ലാസ് മുറി
രണ്ടാമത്തെ ബാച്ചിനായി നഴ്സിംഗ് കോളജിന്റെ ഓഫീസ് മുറി ഒഴിപ്പിച്ചാണ് ക്ലാസ് മുറി കണ്ടെത്തിയത്. ഓഫീസ് തൊട്ടടുത്ത എൽഐസി ബിൽഡിംഗിലേക്ക് മാറ്റി. ഒന്നാംവർഷക്കാരുടെ ക്ലാസുകൾ പകുതി കഴിഞ്ഞപ്പോഴേക്കും കുട്ടികളും രക്ഷിതാക്കളും പ്രത്യക്ഷ സപരിപാടികളിലേക്ക് കടന്നിരുന്നു.
ക്ലാസ് മുറിക്ക് നടുവിലെ തൂണുകള്‍ കാരണം അധ്യാപകരെ കാണാൻ കഴിയില്ല. തിരക്കേറിയ റോഡിലെ ശബ്ദംകാരണം ക്ലാസുകൾ കേൾക്കാനും ശ്രദ്ധിക്കാനുമാകുന്നില്ല, തുടങ്ങി കുട്ടികൾ ഉന്നയിച്ച പ്രശ്നങ്ങൾ അതേപടി നിലനിൽക്കുകയാണ്.
തുടർന്ന് പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി നടന്ന ചർച്ചകളിൽ കോളജിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതടക്കം വിഷയങ്ങളിൽ തീരുമാനങ്ങളുണ്ടായി. കോളജിനുവേണ്ടി
പുതിയ കെട്ടിടം കണ്ടെത്തുമെന്നായിരുന്നു പ്രഥമ വാഗ്ദാനം. ഇതിനായി കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.
മലയാലപ്പുഴ മുസ്ലിയാർ എൻജിനിയറിംഗ് കോളജിന്റെ ഹോസ്റ്റൽ കെട്ടിടം നവീകരിച്ച് നഴ്സിംഗ് കോളജ് അവിടേക്ക് മാറ്റാനുള്ള ആലോചനയാണ് നടന്നത്. എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ് അവരുടെ ചെലവിൽ ക്ലാസ് മുറികൾ അടക്കം ക്രമീകരിച്ചു നൽകണമെന്ന വിചിത്രമായ നിർദേശമുണ്ടായി. എന്നാൽ മാനേജ്മെന്റ് ഇതംഗീകരിച്ചില്ല. സർക്കാർ ചെലവിൽ നഴ്സിംഗ് കോളജിന് സൗകസൗകര്യം ഒരുക്കണമെന്നാണ് കെട്ടിട ഉടമകൾ ആവശ്യപ്പെട്ടത്.
ഇതംഗീകരിക്കാതെ വന്നതോടെ കോളജ് മാറ്റവും അനിശ്ചിതത്വത്തിലായി. കോളജിന് എംഎൽഎ ഫണ്ടിൽനിന്ന് ബസ് വാങ്ങി നൽകുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനവും പ്രാവർത്തികമായില്ല. താത്കാലികമായി വാഹനം ക്രമീകരിച്ചു നൽകുമെന്ന വാഗ്ദാനവും ജലരേഖയായി.
16 കിലോമീറ്റര്‍ ദൂരെയുള്ള കോന്നി മെഡിക്കല്‍ കോളജിലേക്കാണ് ക്ലിനിക്കല്‍ പരിശീലനത്തിന് വിദ്യാർഥികൾ പോകുന്നത്. സ്വന്തമായി വാഹനം കോളജിന് ഇല്ലാത്തതിനാല്‍ കുട്ടികൾക്ക് യാത്രാച്ചെലവുതന്നെ ബാധ്യതയായി മാറുകയാണ്. സ്വന്തമായി ഹോസ്റ്റൽ ഇല്ലാത്തതിനാൽ കുട്ടികൾ അതിനും പണം ചെലവഴിക്കണം.
തുടർ അനുമതിയും വിഷയം
അഖിലേന്ത്യ നഴ്സിംഗ് കൗൺസിൽ നിഷ്കർഷിച്ചിട്ടുള്ള സൗകര്യങ്ങൾ കെട്ടിടത്തിൽ ലഭ്യമല്ലാതിരുന്നിട്ടും സർക്കാർ സ്വാധീനം ഉപയോഗപ്പെടുത്തി ആരോഗ്യ സർവകലാശാലയുടെ അംഗീകാരം വാങ്ങിയാണ് കഴിഞ്ഞവർഷം നഴ്സിംഗ് കോളജ് പ്രവർത്തനം ആരംഭിച്ചത്. സ്ഥാപനത്തിന് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ (ഐഎൻസി) അംഗീകാരം ലഭിക്കാത്തതിനാൽ ഒന്നാം വർഷ വിദ്യാർഥികളുടെ ആദ്യ സെമസ്റ്റർ പരീക്ഷാഫലം ആദ്യം തടഞ്ഞുവച്ചതോടെയാണ് പ്രശ്നങ്ങൾ പുറംലോകം ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് സർവകലാശാലയെ സ്വാധീനിച്ച് ഫലം പുറത്തുവിട്ടെങ്കിലും തുടർന്നുള്ള പരീക്ഷകളെയും ഫലപ്രഖ്യാപനത്തെയും മറ്റും ഇതു ബാധിക്കും.