ഇലന്തൂരിൽ ഡബിൾ ചേംബേർഡ് ഇൻസിനറേറ്റർ പദ്ധതി
1466948
Wednesday, November 6, 2024 4:59 AM IST
പത്തനംതിട്ട: സാനിട്ടറി, ബയോ മെഡിക്കൽ മാലിന്യങ്ങൾ, ബേബി കെയർ, അഡൽറ്റ് ഡയപ്പേഴ്സ് എന്നിവ ശാസ്ത്രീയമായി സംസ്കരിക്കാനുളള ഡബിൾ ചേംബേർഡ് ഇൻസിനറേറ്റർ പദ്ധതി ഇലന്തൂരിൽ നടപ്പാക്കും. ഭാവിയിൽ സാനിറ്റേഷൻ പാർക്കായി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മുൻകൈ എടുത്താണ് ഉയർന്ന ശേഷിയുളള ഇൻസിനറേറ്റർ സ്ഥാപിക്കുന്നത്. പദ്ധതി സംബന്ധിച്ച ആലോചനായോഗം ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാ ദേവിയുടെ അധ്യക്ഷതയിൽ ചേർന്നു.
സാനിട്ടറി മാലിന്യസംസ്കരണത്തിനുവേണ്ടി സംസ്ഥാന ശുചിത്വ മിഷൻ പാനൽ ചെയ്ത് ഫ്ലോററ്റ് ടെക്നോളജീസ് എന്ന കമ്പനിയാണ് രംഗത്ത് വന്നിരിക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ സംബന്ധിച്ച് യോഗത്തിൽചർച്ച നടന്നു.
പത്തനംതിട്ട ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ നിഫി എസ്. ഹക്കിന്റെ നേതൃത്വത്തിലുളള സംഘം പദ്ധതി രൂപരേഖ വിലയിരുത്തി. പിന്നീട് സംഘം വിശദമായ സ്ഥല പരിശോധനയും നടത്തി. പ്ലാന്റിന്റെ വരവോടെ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സാനിട്ടറി മാലിന്യ സംസ്കരണത്തിലെ പ്രതിസന്ധിക്ക് അറുതിയാകും.
തുടർനടപടിയെന്ന നിലയിൽ ഇലന്തൂർ ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേരാനും തീരുമാനിച്ചു.
ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (എസ്ഡബ്ല്യുഎം) ആദർശ് പി. കുമാർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.എ. ലത, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ വി. മഞ്ജു, ഫ്ലോററ്റ് ടെക്നോളജീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സനൽകുമാർ എന്നിവർ പങ്കെടുത്തു.