വാർഷിക പദ്ധതി വീതംവയ്പിൽ അതൃപ്തി; ഭരണകക്ഷി അംഗം ഹൈക്കോടതിയെ സമീപിച്ചു
1466763
Tuesday, November 5, 2024 7:58 AM IST
കോഴഞ്ചേരി: വാർഷിക പദ്ധതി വിഹിതം വീതംവച്ചതിൽ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചെന്നാരോപിച്ച് എല്‍ഡിഎഫ് ഭരണസമിതിക്കെതിരേ ഗ്രാമപഞ്ചായത്തിലെ സിപിഎം അംഗം ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന അംഗവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ സോണി കൊച്ചുതുണ്ടിയിലാണ് കേസ് ഫയൽ ചെയ്തത്. എൽഡിഎഫ് നിയന്ത്രണത്തിലാണ് കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഭരണം മുന്നോട്ടു പോകുന്നത്.
2024-25 വാര്ഷികപദ്ധതിതുക വാര്‍ഡുകള്‍ക്ക് ഒരേപോലെ വീതിക്കാതെ 4, 13 വാര്‍ഡുകളില്‍ യഥാക്രമം 33 ലക്ഷം, 20 ലക്ഷം എന്നീ ക്രമത്തില്‍ നൽകിയതിനെതിരേയാണ് അഡ്വ. തോമസ് ഏബ്രഹാം മുഖാന്തരം കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കേസ് ഏഴിന് ഹൈക്കോടതി പരിഗണിക്കും.
നാലാം വാർഡിനെ എൽഡിഎഫ് തന്നെയാണ് പ്രതിനിധീകരിക്കുന്നത്. 13 -ാം വാർഡ് മെംബർ ബിജെപിയിൽനിന്നാണ്. പഞ്ചായത്ത് മെംബർമാരെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്.
സംസ്ഥാന പഞ്ചായത്ത് ഡയറക്ടര്‍, പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടര്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് മറ്റ് കക്ഷികള്‍.
എൽഡിഎഫിൽ ചേരിപ്പോര്
പഞ്ചായത്ത് ഭരണസമിതിയിലെ പടല പിണക്കങ്ങളും ചേരിപ്പോരുമാണ് കേസിന് കാരണമായതെന്ന് പറയുന്നു. പ്രാദേശികമായി സിപിഎമ്മിൽ നിലനിൽക്കുന്ന വിഭാഗീയതയും ഇതോടുകൂടി മറനീക്കി പുറത്തുവന്നിരിക്കുകയാണ്. പാർട്ടിയുടെ അനുമതി ഇല്ലാതെ സിപിഎം മെംബർ കോടതിയെ സമീപിച്ചത് നേതൃത്വത്തെയും വെട്ടിലാക്കി.
നിലവിലെ 13 അംഗ ഭരണസമിതിയില്‍ യുഡിഎഫ് - മൂന്ന്, എല്‍ഡിഎഫ് - ഏഴ്, ബിജെപി - രണ്ട്, സ്വതന്ത്രന് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. നിലവിലെ പ്രസിഡന്റ് റോയി ഫിലിപ്പ്, സാലി ഫിലിപ്പ് എന്നിവര്‍ യുഡിഎഫിൽനിന്ന് എല്‍ഡിഎഫിലേക്ക് ചേക്കേറുകയായിരുന്നു. യുഡിഎഫിലെ കേരള കോൺഗ്രസ് പ്രതിനിധിയായിരുന്ന റോയി ഫിലിപ്പിനെ പ്രസിഡന്റാക്കി എൽഡിഎഫ് ഭരണം പിടിക്കുകയായിരുന്നു.
ഭരണസമിതിക്കെതിരേ കേസ് ഫയല്‍ ചെയ്ത സോണി കൊച്ചുതുണ്ടിയില്‍ കഴിഞ്ഞ മൂന്നുതവണ തുടര്‍ച്ചയായി സിപിഎം ചിഹ്നത്തില്‍ മത്സരിച്ചു ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളാണ്. വര്‍ഷങ്ങളായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമാണ്.
കോൺഗ്രസ് ധർണ ഇന്ന്
പദ്ധതി വിഹിതം പക്ഷപാതപരമായി വീതിച്ചതിനെതിരേ ഭരണസമിതിയംഗംതന്നെ രഗത്തുവന്ന സാഹചര്യത്തിൽ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങാൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും തീരുമാനിച്ചു.
ഇന്നു രാവിലെ 10ന് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കോൺഗ്രസ് നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധധര്‍ണ കെപിസിസി സെക്രട്ടറി എന്‍. ഷൈലാജ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ പ്രത്യേക വാർഡുകൾക്ക് കൂടുതൽ പണം അനുവദിച്ച നടപടിക്കു പിന്നിൽ ക്രമക്കേടുണ്ടെന്നും സിപിഎമ്മിലെ ഒരു വിഭാഗമാണ് ഇതിനു പിന്നിലെന്നും കോൺഗ്രസ് ആരോപിച്ചു. സിപിഎം നേരിടുന്ന ജീർണത ഇതോടെ കൂടുതൽ വെളിപ്പെട്ടതായി മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറന്പിൽ പറഞ്ഞു.