ജില്ലാ സ്പോർട്സ് കൗൺസിൽ സാഹസിക കായിക-വിനോദങ്ങൾക്ക് ഊന്നൽ നൽകും
1466938
Wednesday, November 6, 2024 4:48 AM IST
പത്തനംതിട്ട: ജില്ലയിൽ സാഹസിക, കായിക മേഖലയ്ക്കു പ്രാമുഖ്യം നൽകിയുള്ള പദ്ധതികൾ പ്രോത്സാഹിപ്പിക്കാൻ ജില്ലാ സ്പോർട്സ് കൗൺസിൽ വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു.
പത്തനംതിട്ട നഗരത്തിലെ വഞ്ചികപൊയ്ക വെള്ളച്ചാട്ടത്തിൽ പത്തനംതിട്ട സ്പോർട്സ് കൗൺസിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കായിക പദ്ധതിക്ക് മൂന്നു കോടി രൂപ ഉറപ്പാക്കിയതായി യോഗം ഉദ്ഘാടനം ചെയ്ത നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ അറിയിച്ചു. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ സാഹസിക കായിക വിനോദത്തിനുള്ള സാധ്യതകൾ കണ്ടെത്തിയിട്ടുണ്ട്.
പത്തനംതിട്ടയിൽ ഇതുമായി ബന്ധപ്പെട്ട സാധ്യതകൾ പ്രയോജനപ്പെടുത്തി സാഹസിക കായിക മേഖലയ്ക്ക് വലിയ പിന്തുണ ലഭ്യമാകുന്നതിലേക്ക് ഒരു പദ്ധതി രേഖ തയാറാക്കാൻ ഉടൻതന്നെ ജില്ലാ കളക്ടറുമായി ചർച്ച നടത്തുമെന്നു നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമൽജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്തുതലത്തിലെ കായിക വികസനത്തിന് ഫണ്ടുകൾ വിനിയോഗിക്കാൻ ജില്ലാ സ്പോർട്സ് കൗൺസിൽ പരമാവധി നിർദേശം നൽകണമെന്നും കേരള സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം രഞ്ജു സുരേഷ് ആവശ്യപ്പെട്ടു.