തീർഥാടകരെ സ്വീകരിക്കാൻ വനംവകുപ്പ് സജ്ജം; ക്രമീകരണങ്ങൾ മന്ത്രി ശശീന്ദ്രൻ വിലയിരുത്തി
1466932
Wednesday, November 6, 2024 4:48 AM IST
പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്കുകാലത്ത് എത്തുന്ന തീർഥാടകർക്കായി വനംവകുപ്പിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ഇന്നലെ പന്പയിൽ വകുപ്പുതല ക്രമീകരണങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി വനം വകുപ്പിന്റെ സംസ്ഥാനതല കോ-ഓര്‍ഡിനേറ്ററായി ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഫീല്‍ഡ് ഡയറക്ടര്‍ പ്രോജക്ട് ടൈഗര്‍ കോട്ടയത്തിനെ നിയമിച്ചു. കൂടാതെ ഒരു അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ പമ്പയിലും സന്നിധാനത്തിലും ഓരോ കണ്ട്രോള് റൂമുകള്‍ 15 മുതൽ പ്രവർത്തിക്കും.
ഭക്തജനങ്ങൾക്കാവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനായി സത്രം, അഴുതക്കടവ്, മുക്കുഴി, പ്ലാപ്പള്ളി എന്നിവിടങ്ങളിൽ ഇൻഫർമേഷൻ സെന്ററുകൾ സ്ഥാപിക്കും.
വന്യജീവികളുടെ ശല്യംമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായി 48 അംഗ എലിഫന്റ് സ്ക്വാഡ്, അഞ്ചംഗ സ്നേക്ക് റെസ്ക്യൂടീം എന്നിവ തീർഥാടന കാലയളവില്‍ 24 മണിക്കൂറും ളാഹ, പ്ലാപ്പള്ളി, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന സജ്ജമായിരിക്കും.
തീർഥാടകർക്ക് സേവനം നല്‍കുന്നതിനായി 1,500-ല്‍പരം അംഗങ്ങളെ ഉള്‍പ്പെടുത്തി 135ലധികം സേവനകേന്ദ്രങ്ങള്‍ ആരംഭിക്കും. എല്ലാ താവളങ്ങളിലും ഔഷധകുടിവെള്ളം വിതരണം ചെയ്യും.
സന്നിധാനത്തുനിന്നും പമ്പയില്‍നിന്നും 90 കാട്ടുപന്നികളെ സുരക്ഷിതമായി ഉള്‍ക്കാട്ടിലേക്ക് മാറ്റിയിട്ടുണ്ട്. തീർഥാടനപാതകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റും.
ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കരിമല, മഞ്ഞപ്പൊടിത്തട്ട്, കരിക്കിലാംതോട്, പുല്ലുമേട്, ചരല്‍മേട്, അപ്പാച്ചിമേട്, പതിമൂന്നാം വളവ് എന്നിവിടങ്ങളില്‍ വൈദ്യസഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കും.
ശബരിമലയില്‍ വനംവകുപ്പിന്റെ ഓഫ് റോഡ് ആംബുലന്‍സ് വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തില്‍ പുല്ലുമേട്, പ്ലാപ്പള്ളി, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആർആർടി ടീമുകളും ഉണ്ടാകും.
വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള തീർഥാടന പാതകളിലും പ്ലാസ്റ്റിക് നിരോധനം നടപ്പാക്കും. മാലിന്യം നീക്കുന്നതിനായി 100 അംഗ ഇക്കോഗാര്‍ഡുകളെ നയോഗിക്കും.