പത്തനംതിട്ട കോടതി സമുച്ചയം: സ്ഥലമേറ്റെടുപ്പിന് വിജ്ഞാപനമായി
1466931
Wednesday, November 6, 2024 4:48 AM IST
പത്തനംതിട്ട: ഏറെ നാളത്തെ വിവാദങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ജില്ലാ ആസ്ഥാനത്ത് കോടതി സമുച്ചയത്തിനു സ്ഥലമേറ്റെടുക്കൽ വിജ്ഞാപനമായി. നഗരത്തിൽ റിംഗ് റോഡരികിൽ. താഴെവെട്ടിപ്രത്ത് 2.3279 ഹെക്ടര്‍ സ്ഥലം (5.75 ഏക്കര്‍) ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്തു. റിംഗ് റോഡിനരികിലുള്ള 24 ഉടമകളുടെ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
ഏറെ നിയമയുദ്ധങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് ഭൂമി ഏറ്റെടുക്കലിലേക്ക് എത്തിയിരിക്കുന്നത്. ബാര്‍ അസോസിയേഷന് പ്രസിഡന്റുമാരായിരുന്ന പീലിപ്പോസ് തോമസ്, സരോജ് മോഹന്‍കുമാര്‍, അഭിഭാഷകനായ മഹേഷ്റാം എന്നിവരുടെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടി നിയമയുദ്ധം നടത്തിയത്.
സ്ഥലം ഏറ്റെടുക്കാനായി ഗസറ്റ് വിജ്ഞാപനം 2023 മേയില്‍ ഇറങ്ങിയിരുന്നുവെങ്കിലും പണത്തിന്റെ ലഭ്യതക്കുറവു കാരണം നടപടികള്‍ മുന്നോട്ടു പോയില്ല.
24 തണ്ടപ്പേരിലുള്ള ഭൂമി ഏറ്റെടുത്ത് റവന്യു വിഭാഗം അറിയിപ്പ് നല്‍കിയിരുന്നു. ഭൂമിവില സര്‍ക്കാര്‍ അനുവദിക്കുന്നതനുസരിച്ച് നല്‍കുമെന്നായിരുന്നു തീരുമാനം. സ്ഥലം ഏറ്റെടുക്കാനായാല്‍ കെട്ടിടനിര്‍മാണ നടപടികള്‍ വേഗത്തില്‍ നടത്താനാകും. കോടതികളുടെ നിര്‍മാണത്തിനായി പ്രത്യേകഫണ്ട് ഉണ്ട്.
നിർമാണം പൂർത്തിയാകുന്നതോടെ ജില്ലാ ആസ്ഥാനത്തെ മുഴുൻ കോടതികളും അനുബന്ധ ഓഫീസുകളും പുതിയ കെട്ടിടസമുച്ചയത്തിലേക്കു മാറ്റും. കേസുകൾ വേഗത്തിലാക്കാനും മറ്റും ഇതു വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
സ്ഥലം ഏറ്റെടുക്കലിന് പത്തുകോടി
സ്ഥലം ഏറ്റെടുപ്പിന് പത്തു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഏക്കറിന് നാലു കോടി വീതം കിട്ടണമെന്നാണ് ഉടമകളുടെ അവകാശവാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തീരുമാനമെടുക്കാനുള്ള അനുമതി സര്‍ക്കാരിന് നല്‍കുകയായിരുന്നു. റവന്യു രേഖകളില്‍ നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയാണ് ഏറ്റെടുക്കുകയെന്ന് ഗസറ്റ് വിജ്ഞാപനത്തില്‍ പറയുന്നു. പുനരധിവാസവും പുനഃസ്ഥാപനവും ഇല്ല.
കോടതികള്‍ ഒന്നിച്ചാകും
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ പത്തോളം കോടതികള്‍ ഇപ്പോള്‍ മിനി സിവില്‍ സ്റ്റേഷനിലും സമീപത്തെ മുനിസിപ്പല്‍ കെട്ടിടത്തിലുമൊക്കെയാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥലപരിമിതി അടക്കമുള്ള പ്രശ്നങ്ങള്‍ നേരിടുന്നുമുണ്ട്. ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി ഓഫീസും ബാര്‍ അസോസിയേഷന് ഓഫീസും നിലവില്‍ മിനിസിവില്‍ സ്റ്റേഷനിലാണ് പ്രവര്‍ത്തിക്കുന്നത്. ഫാസ്റ്റ് ട്രാക്ക് കോടതികള്‍, കുടുംബക്കോടതി എന്നിവ മുനിസിപ്പല്‍ കെട്ടിടത്തിലും പ്രവര്‍ത്തിക്കുന്നു.
കോടതികൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ, നഗരസഭാ കെട്ടിടങ്ങൾ ബലക്ഷയം നേരിടുന്നവയാണ്. സിവിൽ സ്റ്റേഷൻ ബലപ്പെടുത്തുന്നതിന് ചെന്നൈയിലുള്ള എൻജിനിയറിംഗ് കന്പനി നൽകിയ നിർദേശങ്ങൾ നടപ്പാക്കിയിട്ടില്ല.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കോടതി സമുച്ചയത്തിനു സ്ഥലം ഏറ്റെടുക്കാൻ ഫണ്ട് അനുവദിക്കുകയും നടപടികളാരംഭിക്കുകയും ചെയ്തതിൽ ജില്ലാ ബാർ അസോസിയേഷൻ സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ചു.
കോടതി സമുച്ചയം എത്രയും വേഗം യാഥാർഥ്യമാക്കുന്നതിലും അധികൃതർ മുൻകൈ എടുക്കണമെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് സാം കോശി, സെക്രട്ടറി ടി.എച്ച്. സിറാജുദ്ദീൻ, ട്രഷറർ ജോമോൻ കോശി എന്നിവർ ആവശ്യപ്പെട്ടു.
സാമൂഹികാഘാത പഠന റിപ്പോര്‍ട്ടും അനുകൂലം
കോടതി സമുച്ചയത്തിന് ഏറ്റെടുക്കുന്ന ഭൂമിയെ സംബന്ധിച്ച് വര്‍ഷങ്ങളായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. നഗരപരിധിയില്‍ നിലം എന്നു രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതു സംബന്ധിച്ച് സാമൂഹികാഘാത പഠനം നടത്തിയിരുന്നു.
കോടതി സമുച്ചയത്തിന് ഭൂമി ഏറ്റെടുക്കേണ്ടത് പൊതുതാത്പര്യ പ്രസക്തമാണെന്നാണ് സാമൂഹികാഘാത പഠനറിപ്പോര്‍ട്ട്. ഏറ്റെടുക്കുമ്പോള്‍ ആരെയും താമസസ്ഥലത്തുനിന്ന് ഒഴിപ്പിക്കേണ്ടിവരില്ല. ഭൂമി ഏറ്റെടുക്കുന്നത് ഉടമകളില്‍ ആരുടെയും തൊഴിലിനെ ബാധിക്കുന്നില്ല. വര്‍ഷങ്ങളായി തരിശുകിടക്കുന്ന സ്ഥലമാണ് ഏറ്റെടുക്കുന്നത്.
ഉടമകളില്‍ ആരുംതന്നെ ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവരല്ല. സ്ഥലം ഏറ്റെടുക്കാനാവശ്യമായ ഫണ്ട് ഭരണാധികാരികളുടെ പക്കല്‍ ലഭ്യമാണെന്നാണ് 2023ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്.