മാർ തെയോഫിലോസ് മെമ്മോറിയൽ ഇന്റർ മെഡിക്കൽ ബാസ്കറ്റ്ബോൾ ടൂർണമെന്റ്
1466939
Wednesday, November 6, 2024 4:48 AM IST
തിരുവല്ല: പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ മാർ തെയോഫിലോസ് സ്മാരക ഇന്റർ മെഡിക്കൽ ബാസ്കറ്റ്ബോൾ ടൂർണമെന്റ് നാളെ മുതൽ പത്തുവരെ പുഷ്പഗിരി മെഡിക്കൽ കോളജ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. മാർ തെയോഫിലോസ് ടൂർണമെന്റിന്റെ 15 - ാമത് പതിപ്പിൽ ആതിഥേയരായ പുഷ്പഗിരി ഉൾപ്പടെ 12 ടീമുകൾ പുരുഷവിഭാഗത്തിലും 10 ടീമുകൾ വനിതാ വിഭാഗത്തിലും മാറ്റുരയ്ക്കും. ടൂർണമെന്റ് നോക്ക് ഔട്ട് അടിസ്ഥാനത്തിലാണ് നടക്കുക.
തൃശൂർ, എറണാകുളം, കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജുകളും തൃശൂർ അമല, ജൂബിലി മിഷൻ, കോലഞ്ചേരി, കാരക്കോണം, മലബാർ, ബിലീവേഴ്സ്, ഗോകുലം തുടങ്ങിയ സ്വാശ്രയ മെഡിക്കൽ കോളജുകളും ടൂർണമെന്റിൽ പങ്കെടുക്കും.
വിജയികൾക്ക് എവറോളിംഗ് ട്രോഫിയും കാഷ് അവാർഡും സമ്മാനിക്കും. നാളെ വൈകുന്നേരം 5.30ന് ഇന്ത്യൻ നാഷണൽ ബാസ്കറ്റ് ബോൾ ടീമംഗം പി.എസ്. ജീന ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. പത്തിനു വൈകുന്നേരം 6.30നാണ് ഫൈനൽ.
ടൂർണമെന്റിന്റെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സംഘാടകസമിതി ജനറൽ കൺവീനർമാരായ ഫാ. ജോർജ് വലിയപറന്പിൽ, ഫാ. റോയ് ആഞ്ഞിലിമൂട്ടിൽ, ചെയർപേഴ്സൺ ഡോ. റീനാ തോമസ്, ഡോ. റെജിനോൾഡ് വർഗീസ്, ബേബിക്കുട്ടി കോവൂർ, അലക്സ് മാമ്മൻ, വിദ്യാർഥി യൂണിയൻ ചെയർമാൻ ബോണു കെ. ബേബി എന്നിവർ അറിയിച്ചു.