പത്തനംതിട്ട നഗരസഭ : ശബരിമല ഇടത്താവളത്തിലെ സൗകര്യങ്ങൾ വർധിപ്പിക്കും
1467155
Thursday, November 7, 2024 4:40 AM IST
പത്തനംതിട്ട: ശബരിമല തീർഥാടകർക്കായി പത്തനംതിട്ട നഗരസഭയുടെ ഇടത്താവളത്തിലെ സൗകര്യങ്ങൾ വിപുലപ്പെടുത്തും. ഇൻഫർമേഷൻ സെന്റർ, സൗജന്യ വൈഫൈ, പ്രത്യേക പാർക്കിംഗ് ക്രമീകരണങ്ങൾ, വിപുലമായ ഭക്ഷണശാല, ആയുർവേദ പരിചരണസൗകര്യങ്ങൾ എന്നിവ ഇക്കുറി പുതുതായി ക്രമീകരിക്കും. ഭക്ഷണത്തിനും വിശ്രമത്തിനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുമുള്ള സൗകര്യങ്ങൾക്കു പുറമേയാണിത്.
മണ്ഡലകാല തീർഥാടനം ആരംഭിക്കുന്നതിനു മുമ്പ് ഇടത്താവളത്തിലെ ക്രമീകരണങ്ങൾ പൂർത്തിയാക്കി ഭക്തർക്കായി തുറന്നു നൽകും. ശബരിമല സന്നിധാനത്തെ ബുക്കിംഗ് വിവരങ്ങൾ അറിയാനും സൗകര്യമുള്ള ഇൻഫർമേഷൻ സെന്ററാണ് ഇത്തവണ പുതുതായി പ്രവർത്തനം ആരംഭിക്കുന്നത്.
ജീവനക്കാർക്കും തീർഥാടകർക്കും ഉപയോഗിക്കാവുന്ന തരത്തിൽ സൗജന്യ വൈഫൈ നൽകാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. വാഹന പാർക്കിംഗിന് പ്രത്യേക സ്ഥലം ക്രമീകരിക്കുകയും ആദ്യം വന്ന വാഹനങ്ങൾക്ക് ആദ്യം പോകാവുന്ന തരത്തിൽ സൗകര്യമൊരുക്കുകയും ചെയ്യും.
നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ മണ്ഡലകാല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഇടത്താവളം സന്ദർശിച്ചു.
ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാർ, ഡിവൈഎസ്പി എസ്. നന്ദകുമാർ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.ആർ. അജിത്കുമാർ, ജെറി അലക്സ്, ജില്ലാ ആസൂത്രണസമിതി അംഗം പി.കെ. അനീഷ്, വാർഡ് കൗൺസലർമാരായ എസ്. ഷൈലജ, റോഷൻ നായർ, മുനിസിപ്പൽ എൻജിനിയർ സുധീർ രാജ്, അസിസ്റ്റന്റ് സെക്രട്ടറി മനോജ് കുമാർ, അയ്യപ്പസേവാസമാജം പ്രതിനിധി ജയൻ ചാരുവേലിൽ തുടങ്ങിയവർ ചെയർമാനോടൊപ്പം ഉണ്ടായിരുന്നു.
അന്നദാനം 24 മണിക്കൂറും
തീർഥാടകർക്ക് വിശ്രമിക്കുന്നതിനും വിരി വയ്ക്കുന്നതിനും ഡോർമെറ്ററികൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന അന്നദാന കൗണ്ടർ, ശൗചാലയങ്ങൾ എന്നിവ മുൻവർഷത്തേതുപോലെ ഉണ്ടാകും. പോലീസ് എയ്ഡ് പോസ്റ്റ്, ആയുർവേദ - അലോപ്പതി ചികിത്സാ കേന്ദ്രങ്ങൾ, ചെറുസംഘങ്ങളായി എത്തുന്ന തീർഥാടകർക്ക് ഭക്ഷണം സ്വന്തമായി പാചകം ചെയ്യുന്നതിനുള്ള സൗകര്യം, പ്രത്യേക വിറകുപുര എന്നിവയും സജ്ജീകരിക്കും.
കൂടുതൽ തീർഥാടകരെ ഒരേസമയം ഉൾക്കൊള്ളാവുന്ന തരത്തിൽ ഭക്ഷണശാല വിപുലീകരിച്ചു. ആയുർവേദ പരിചരണത്തിനായി പ്രത്യേക സൗകര്യം ഈ മണ്ഡലകാലത്ത് ഏർപ്പെടുത്തും.
ശൗചാലയങ്ങളുടെ നവീകരണം പുരോഗമിക്കുകയാണ്.
തുടർച്ചയായ ദിവസങ്ങളിൽ മഴപെയ്യുന്നതിനാൽ രൂപപ്പെട്ട ചെറിയ വെള്ളക്കെട്ടുകൾകൂടി പരിഹരിക്കുന്നതോടെ തീർഥാടകരെ സ്വീകരിക്കാൻ ഇടത്താവളം പൂർണ സജ്ജമാകും. ജൈവ - അജൈവ മാലിന്യ സംസ്കരണത്തിനൊപ്പം ശുചിമുറി മാലിന്യ സംസ്കരണത്തിനുള്ള ടെൻഡറും നൽകിയാണ് നഗരസഭ മണ്ഡലകാല മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നത്.