കെ-റെയിലിനെതിരേയുള്ള വീണ്ടും പോരാട്ടം, ഇരവിപേരൂരിൽ പ്രതിഷേധ സംഗമം
1466934
Wednesday, November 6, 2024 4:48 AM IST
ഇരവിപേരൂർ: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കേരളത്തിലെത്തി നടത്തിയ പ്രഖ്യാപനം സിൽവർ ലൈൻ പദ്ധതിക്കെതിരായ സമരഭൂമികളിൽ വീണ്ടും പോരാട്ടത്തിന്റെ കാഹളങ്ങൾ ഉയർത്തി.
പദ്ധതിക്കായി വിജ്ഞാപനം ചെയ്ത സർവേ നമ്പറുകളിൽപ്പെട്ട ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാത്ത ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോഴും പദ്ധതി ചാപിള്ളയായി പോയതിന്റെ ആശ്വാസത്തിലായിരുന്നു വസ്തു, വീട്ടുടമകൾ.
ആ സമാധാനാന്തരീക്ഷത്തിലേക്കാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം ബോംബ് വർഷം പോലെ പതിച്ചത്. ഉൾവലിഞ്ഞുനിന്ന ഇരകളും സമരപ്രവർത്തകരും എല്ലാം അതോടെ സടകുടഞ്ഞ് എഴുന്നേറ്റിരിക്കുന്നു. പ്രഖ്യാപനം വന്ന നിമിഷം മുതൽ പ്രകടനങ്ങളും പ്രതിഷേധ സംഗമങ്ങളുമായി കെ - റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചെറുത്തുനില്പിലാണ്.
സർക്കാർ സന്നാഹങ്ങൾ ഉപയോഗിച്ച് കടന്നുവന്നിട്ടും അവരെ മുട്ടുമടക്കിപ്പിച്ച പഴയ സമര വീര്യത്തോടെ ഇതും കെട്ടുകെട്ടിക്കുമെന്നാണ് അവരുടെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി കെ - റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റി ഇന്നലെ ഇരവിപേരൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു.
25,000 പേർ ഒപ്പിട്ട ഭീമ ഹർജി സമർപ്പിക്കാൻ കഴിഞ്ഞ ഓഗസ്റ്റ് ആറിന് കേരളത്തിലെ എംപിമാരോടൊപ്പം റെയിൽ ഭവനിൽ കണ്ടപ്പോൾ തങ്ങളോടു പറഞ്ഞതീനു നേർ വിപരീതമാണ് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ സിൽവർ ലൈൻ സംബന്ധിച്ച തൃശൂർ പ്രസ്താവനയെന്ന് പുതുശേരി പറഞ്ഞു.
ആരെല്ലാം അനുമതി നൽകിയാലും പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും വൻ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പഴയതിനേക്കാൾ ശക്തമായ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരിക്കലും പരിഹരിക്കാനാവാത്ത പാരിസ്ഥിതിക പ്രശ്നങ്ങളും നിവരാനാവാത്ത കടക്കെണിയും ചരിത്രത്തിലെ ഏറ്റവും വലിയ കുടിയിറക്കും സൃഷ്ടിക്കുന്ന ഒരു പദ്ധതിയെ എന്തടിസ്ഥാനത്തിലാണ് അനുകൂലിക്കുന്നതെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കണം.
സമിതി ജില്ലാ കൺവീനർ മുരുകേഷ് നടക്കൽ അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന വനിതാ കൺവീനർ ശരണ്യ രാജ്, കെ.ആർ. പ്രസാദ്, സുനിൽ മറ്റത്ത്, അനീഷ് വി. ചെറിയാൻ, സ്റ്റാൻലി സാമുവേൽ, ബിനു ബേബി, ഗോപി മോഹൻ,
സാമുവൽ ചെറിയാൻ, എത്സാ തോമസ്, ഷേർളി ജയിംസ്, വർഗീസ് ജോർജ്, ടി.എസ്. ഏബ്രഹാം, എം.കെ. രഘുനാഥ്, സജി ചാക്കുമൂട്ടിൽ, എബി തോമസ്, സുരേഷ് സ്രാമ്പിക്കൽ, ടി.എം. മാത്യു, ലിനു നെല്ലിമല, കെ.എൻ. രവീന്ദ്രൻ, വർഗീസ് ജോൺ, വർഗീസ് കോശി എന്നിവർ പ്രസംഗിച്ചു.