വിശ്വാസവഞ്ചന: സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ; അന്വേഷണം ശക്തമാക്കി പോലീസ്
1467149
Thursday, November 7, 2024 4:29 AM IST
കോന്നി: രാജസ്ഥാൻ സ്വദേശിയെ വിശ്വാസവഞ്ചനയിലൂടെ ചതിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ അറസ്റ്റിലായ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. മലയാലപ്പുഴ താഴം കൃഷ്ണനിവാസിൽ ബി. അർജുൻ ദാസാണ് (41) റിമാൻഡിലായത്.
സിപിഎം തുമ്പമൺ ടൗൺ തെക്ക് ബ്രാഞ്ച് മുൻ സെക്രട്ടറിയായ ഇയാളെ പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കിയിരുന്നു. അന്വേഷണത്തോടു സഹകരിക്കാത്ത അർജുൻദാസിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ ജാന പോസ്റ്റിൽ മൻഗരാസിയിൽ താമസിക്കുന്ന കിഷൻലാലിന്റെ പരാതിയിൽ കേസെടുത്ത കോന്നി പോലീസ്, തുമ്പമണ്ണിലെ ഭാര്യവീടിനു സമീപത്തുനിന്നും അർജുൻ ദാസിനെ കഴിഞ്ഞദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു.
പാറ പൊട്ടിക്കാനുള്ള യന്ത്രസാമഗ്രികൾ വാടകയ്ക്കെടുത്തിട്ട് വാടകയോ യന്ത്രമോ തിരികെ നൽകിയില്ലെന്ന പരാതിയിലാണ് കേസെടുത്തത്. കോന്നി ഈട്ടിമൂട്ടിൽപടിയിൽ പണിക്കായി മാസം ഒരു ലക്ഷം രൂപ വാടക നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്, 2021 ഏപ്രിലിൽ ഇയാൾ യന്ത്രങ്ങൾ കൊണ്ടുപോയത്. 2024 ഒക്ടോബർവരെ വാടകയിനത്തിൽ നൽകാനുള്ള ആറു ലക്ഷം രൂപയോ യന്ത്രസാമഗ്രികളോ തിരിച്ചുകൊടുക്കാതെ വഞ്ചിച്ചു.
തിരികെ ചോദിച്ചപ്പോൾ പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രമാടം തെങ്ങുംകാവ് മറൂരിൽ സൂക്ഷിച്ചിരുന്ന യന്ത്രങ്ങളിൽ 11 എണ്ണം അന്വേഷണസംഘം കണ്ടെടുത്തു. കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് റിപ്പോർട്ട് പരിഗണിച്ച കോടതി അർജുൻദാസിനെ രണ്ടുദിവസം കസ്റ്റഡിയിൽ വിടുകയായിരുന്നു.
അടൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയുടെ പരിധിയിൽ നിരന്തരം ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇയാൾക്കെതിരേ കോടതിയിൽ മലയാലപ്പുഴ പോലീസ് ജൂൺ 19ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി എട്ട് കേസുകളിൽ പ്രതിയാണ്.
പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്. പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത മനഃപൂർവല്ലാത്ത നരഹത്യാശ്രമക്കേസിലും ദേഹോപദ്രവക്കേസുകളിലും ലഹളയുണ്ടാക്കിയ കേസിലും അർജുൻദാസ് പ്രതിയാണ്. ദേഹോപദ്രവം ഏല്പിച്ചതിന് അടൂർ പോലീസ് സ്റ്റേഷനിലും സ്ത്രീകളെ അപമാനിച്ചതിനും ദേഹോപദ്രവത്തിനും മറ്റും മലയാലപ്പുഴ സ്റ്റേഷനിലും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
പന്തളം പോലീസ് എടുത്ത ഒരു കേസിലും പ്രതിയാണ്. പോലീസ് ഇൻസ്പെക്ടർ പി. ശ്രീജിത്ത്, എസ്ഐ വിമൽ രംഗനാഥ് , സിപിഒമാരായ രഞ്ജിത്, ജോസൺ, അരുൺ, അൽസാം എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി ഇയാളെ പിടികൂടിയത്.