വെട്ടുവിളച്ചിറയിലെ സ്നേഹാരാമത്തിന് സംസ്ഥാനതല പുരസ്കാരം
1466945
Wednesday, November 6, 2024 4:59 AM IST
കലഞ്ഞൂർ: ഗവ. മോഡൽ വിഎച്ച്എസ്എസിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ വെട്ടുവിള ചിറയിൽ തീർത്ത സ്നേഹാരാമത്തിന് സംസ്ഥാന സർക്കാർ പുരസ്കാരം. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ 2023-24 വർഷം നടപ്പിലാക്കിയ പദ്ധതിയാണ് സ്നേഹാരാമം. മാലിന്യക്കൂമ്പാരങ്ങളെ ഉദ്യാനങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഉദ്യമമാണ്.
നാഷണൽ സർവീസ് സ്കീമിന്റെ വിവിധ സെല്ലുകളിൽ ഉൾപ്പെടുന്ന യൂണിവേഴ്സിറ്റികൾ, ഡയറക്ടറേറ്റുകൾ, ഐഎച്ച്ആർഡികൾ തുടങ്ങി ഏകദേശം 3000 യൂണിറ്റുകളാണ് സ്നേഹാരാമം നിർമിച്ചത്. പത്തനംതിട്ട ജില്ലയിൽനിന്നു രണ്ട് സ്നേഹാരാമങ്ങളാണ് പുരസ്കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടത്.
മദ്യക്കുപ്പികളും മാലിന്യങ്ങളും നിറഞ്ഞുകിടന്ന പ്രദേശം മാലിന്യമുക്തമാക്കി അവിടെ ഇരിപ്പിടങ്ങളും മനോഹരമായ പൂന്തോട്ടവും ഒരുക്കി കുട്ടികൾ സ്നേഹാരാമം പൂർത്തീകരിച്ചു. 68 സെന്റിൽ സ്ഥിതി ചെയ്യുന്ന സ്നേഹാരാമം തയാറാക്കുന്നതിൽ നാട്ടുകാരുടെ സഹകരണവും ലഭിച്ചു. വാർഡ് മെംബർ ബിന്ദു, പിടിഎ മുൻ പ്രസിഡന്റ് മഞ്ജു ബിനു, പിടിഎ അംഗങ്ങൾ, പ്രിൻസിപ്പൽ എസ്. ലാലി, പ്രോഗ്രാം ഓഫീസർ അനില തോമസ്, അധ്യാപകർ എന്നിവർ ഇതിന് ആവശ്യമായ നേതൃത്വവും പിന്തുണയും നൽകി.
കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി 2024 ജനുവരി ഒന്നിന് സ്നേഹാരാമം നാടിന് സമർപ്പിച്ചിരുന്നു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന എൻഎസ്എസ് പുരസ്കാര വിതരണ ചടങ്ങിൽ മന്ത്രി ആർ. ബിന്ദുവിൽനിന്ന് സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർ പ്രതിനിധികൾ, അധ്യാപകർ, പ്രോഗ്രാം ഓഫീസർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.