അഞ്ചലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
1576192
Wednesday, July 16, 2025 6:44 AM IST
അഞ്ചല്‍ : അഞ്ചലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെ അഞ്ചല്‍ സിവില്‍ സ്റ്റേഷന് സമീപമായിരുന്നു സംഭവം.
തിരുവനന്തപുരത്ത് നിന്ന് മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിനാണ് തീ പിടിച്ചത്. തൊട്ടുപിന്നാലെ ബൈക്കില്‍ എത്തിയ അഞ്ചല്‍ സ്വദേശി അനസ്റ്റിൻ ബസില്‍ നിന്നും ഡീസല്‍ ചോരുന്നതായി കാണുകയും ബസ് തടഞ്ഞു നിര്‍ത്തി ജീവനക്കാരോടു വിവരം പറയുകയും ചെയ്തത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.
ബസിന്റെ മുന്‍വശത്ത് നിന്നും വലിയരീതിയില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാരെ ഇറക്കി തൊട്ടടുത്ത പെട്രോള്‍ പമ്പില്‍ നിന്നും ഫയർ എക്സ്റ്റിംഗ്വിഷർ എടുത്തു തീ കെടുത്തുകയായിരുന്നു. പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ അനസ്്റ്റിൻ ബസിലെ തീ കെടുത്തി അപകടാവസ്ഥ ഒഴിവാക്കി.
ബസിലെ യാത്രക്കാരെ പിന്നീട് മറ്റൊരുബസില് കയറ്റി വിടുകയായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പോലീസും അനസ്റ്റിനെ അഭിനന്ദിച്ചാണ് മടങ്ങിയത്. പെട്രോള്‍ പമ്പുൾപ്പടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് യുവാവിന്റെ അവരോചിതമായ ഇടപെടീലില്‍ ഒഴിവായത് വന്‍ദുരന്തമാണ്.