പ്രകൃതി സൗഹൃദ സഞ്ചികൾ നിർമിച്ച് വിദ്യാർഥികൾ
1575694
Monday, July 14, 2025 6:48 AM IST
വിതുര: പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിന്റെയും പരിസ്ഥിതിക്കുദോഷം വരുത്താത്ത പേപ്പർ ബാഗുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി പൊന്മുടി ഗവ. യുപി സ്കൂളിൽ ലോക പേപ്പർ ബാഗ് ദിനം സംഘടിപ്പിച്ചു.
ഹെഡ്മാസ്റ്റർ അബ്ദുൽ ജവാദ് ദിനാചരണം ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമാണ ശില്പശാലയും സംഘടിപ്പിച്ചു. കുട്ടികൾ സ്വന്തമായി നിർമിച്ച പേപ്പർ ബാഗുകൾ കമ്പിമൂട്ടിലെ വിവിധ കടകളിൽ സൗജന്യമായി വിതരണം ചെയ്തു.
പ്ലാസ്റ്റിക് കവറുകൾക്കു പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനും ബോധവത്കരിക്കാനും ഈ ഉദ്യമത്തിലൂടെ കുട്ടികൾക്ക് സാധിച്ചുവെന്നു വാർഡ് മെമ്പർ രാധാമണി പറഞ്ഞു.
പ്ലാസ്റ്റിക് മുക്ത സമൂഹം എന്ന ലക്ഷ്യത്തോടെ നടന്ന ഈ പരിപാടിയിൽ എസ്എംസി ചെയർമാൻ പൊന്മുടി പ്രകാശ്, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.