റീൽസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
1575883
Tuesday, July 15, 2025 3:24 AM IST
കൊല്ലം: സിറ്റി പോലീസ് പരിധിയിലെ സ്റ്റുഡന്റ് പോലീസ് പദ്ധതി നടപ്പിലാക്കിവരുന്ന സ്കൂളുകളെ പങ്കെടുപ്പിച്ച് കൊല്ലം സിറ്റി പോലീസ് സംഘടിപ്പിച്ച റീൽസ് മത്സരത്തിലെ വിജയികൾക്കുളള സമ്മാനദാന ചടങ്ങ് കൊല്ലം പോലീസ് ട്രെയിനിങ്ങ് സെന്ററിൽ നടന്നു.
സഹപാഠികളിൽനിന്ന് മാനസിക സംഘർഷത്തിന് ഇടയാക്കുന്ന തരത്തിലുള്ള കളിയാക്കലുകളോ ഒറ്റപ്പെടുത്തലുകളോ ഉണ്ടായാൽ അത് അധ്യാപകരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ധൈര്യം കാണിക്കൂ എന്ന വിഷയത്തെസംബന്ധിച്ചാണ് ഓൺലൈൻ റീൽസ് മത്സരം സംഘടിപ്പിച്ചത്. ഏറ്റവും കൂടുതൽജനശ്രദ്ധ നേടിക്കൊണ്ട് കരുനാഗപ്പള്ളി ബോയ്സ് എച്ച്എസ്എസ് ഒന്നാം സ്ഥാനവും, എം കെ എൽ എം കണ്ണനല്ലൂർ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും, എം വി ജി എച്ച് എസ് എസ് പേരൂർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
സമ്മാനദാന ചടങ്ങ് കൊല്ലം ഈസ്റ്റ് ഐഎസ്എച്ച്ഒ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി ബോയ്സ് എച്ച് എം സരിത, എസ് പി സി അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ബി.രാജേഷ്, കോർഡിനേറ്റർ എസ്. ഷഹീർ,അധ്യാപകരായ സാബുജൻ,മിഥുൻ കുമാർ ,മേഘ മാത്യു,ഷെഹിൻ,വി.ആർ. ബിന്ദു മോൾ എന്നിവർ പ്രസംഗിച്ചു . ബോയ്സ് കരുനാഗപ്പള്ളി,എം കെ എൽഎം കണ്ണനല്ലൂർ എന്നീ സ്കൂളുകളിലെ എസ്പിസി കേഡറ്റുകളും പങ്കെടുത്തു.