കുലശേഖരപുരം പഞ്ചായത്തിൽ 423 ലൈഫ് ഭവനങ്ങളുടെ താക്കോൽ കൈമാറി
1576186
Wednesday, July 16, 2025 6:37 AM IST
കൊല്ലം: കുലശേഖരപുരം പഞ്ചായത്തിലെ പുതുതായി പണികഴിപ്പിച്ച 423 ഭവനങ്ങളുടെ താക്കോൽ കൈമാറ്റ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർ വഹിച്ചു. പഞ്ചായത്തിൽ പദ്ധതി പ്രകാരം 650 വീടുകൾ നിർമിച്ചു. കേരളത്തിൽ ലൈഫ് മിഷനിലൂടെ നാലേമുക്കാൽ ലക്ഷം ഭവനങ്ങൾ പണികഴിപ്പിച്ചു.
മറ്റ് ഭവന പദ്ധതികളിലൂടെയും വീടുകൾ നിർമിച്ചു നൽകുകയാണ്. വീടുകളോടൊപ്പം വിദ്യാഭ്യാസ മേഖലയിൽ മികച്ച പശ്ചാത്തല സൗകര്യം സർക്കാർ ഒരുക്കുന്നു.
മെച്ചപ്പെട്ട സൗകര്യങ്ങളോടെയുള്ള ആശുപത്രികൾ, മികച്ച റോഡുകൾ ഒപ്പം കൂടുതൽ തൊഴിൽ അവസരങ്ങളുമായി പുതിയ സംരംഭങ്ങളും ഫാക്്ടറികളും ഉയരുകയാണ്. സാധാരണ രോഗികൾക്ക് താങ്ങായ കാരുണ്യ പദ്ധതിയിലൂടെ കഴിഞ്ഞവർഷം ഏഴു ലക്ഷം ഹാർട്ട് ഓപ്പറേഷൻ നടത്തി.
പദ്ധതിക്കായി 400 കോടി രൂപ ചെലവായെന്നും മന്ത്രി പറഞ്ഞു.സി.ആർ. മഹേഷ് എംഎൽഎ അധ്യക്ഷതവഹിച്ചു. കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, പഞ്ചായത്ത് അംഗങ്ങൾ, ഗുണഭോക്താക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.