തിരുമുക്കിലെ അടിപ്പാത: ചാത്തന്നൂരിൽ ജനകീയ ധർണ ഇന്ന്
1575888
Tuesday, July 15, 2025 3:24 AM IST
ചാത്തന്നൂർ:ദേശീയപാതയിൽ ചാത്തന്നൂർതിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന തരത്തിൽ അടിപ്പാത പുതുക്കിപ്പണിയുക, പരവൂർ കൊട്ടിയം ഭാഗങ്ങളിൽ നിന്ന് വരുന്ന എല്ലാ സ്വകാര്യ ബസുകളും ചാത്തന്നൂർ ജംഗ്ഷനിൽ എത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് ചാത്തന്നൂർ വികസന സമിതിയുടെ നേതൃത്വത്തിൽ ഇന്ന് തിരുമുക്കിൽ ജനകീയ ധർണ സംഘടിപ്പിക്കുമെന്ന് ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരനും കൺവീനർ ജി.പി.രാജഷും സമരസമിതി കൺവീനർ കെ.കെ.നിസാറും അറിയിച്ചു.
ദേശീയപാത 66 വികസന ഭാഗമായി ചാത്തന്നൂർ തിരുമുക്കിൽ നിർമിച്ചിട്ടുള്ള അടിപ്പാത വലിയ വാഹനങ്ങൾക്ക് കടന്നു പോകുന്നതിന് കഴിയുന്നതല്ല.
ചാത്തന്നൂർ തിരുമുക്ക് ജില്ലയിലെ വളരെ പ്രധാനപ്പെട്ട ഒരു ജംഗ്ഷനാണ്. ഒരു സംസ്ഥാന പാത ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. പരവൂർ, വർക്കല, പൂതക്കുളം, തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ദുസഹമാക്കുന്ന തരത്തിൽ അശാസ്ത്രീയമായാണ് അടിപ്പാത നിർമിച്ചിരിക്കുന്നത്.
ജനങ്ങളുടെ വികസന ആവശ്യങ്ങളോ, പ്രദേശത്തിന്റെ പ്രത്യേകതകളോ പരിഗണിക്കാതെയാണ് വിശദ പദ്ധതി രേഖ ( ഡിപിആർ ) തന്നെ തയാറാക്കിയിരിക്കുന്നത്.
തിരുമുക്കിലെ അടിപ്പാത വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന തരത്തിൽ നിർമിക്കണമെന്നാവശ്യപ്പെട്ട് ചാത്തന്നൂർ വികസന സമിതിബന്ധപ്പെട്ട ദേശീയപാത അഥോറിറ്റി അധികൃതർക്കും എം പി ക്കുംകേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്കും നിവേദനങ്ങൾ സമർപ്പിച്ചിരുന്നു.പ്രോജക്ട് ഡയറക്ടറുമായി നടത്തിയ ചർച്ചകളിൽ ഈ വിഷയം അവതരിപ്പിക്കുകയും ചെയ്തിരുന്നു .
പക്ഷേ അടിപ്പാതയുടെ കാര്യത്തിൽ ജനങ്ങൾക്ക് അനുകൂലമായ ഒരു മാറ്റം ദേശീയപാത അഥോറിറ്റിയുടെ ഭാഗത്തുനിന്നും ഇതുവരെയും ഉണ്ടായിട്ടില്ല. വികസന സമിതി ബന്ധപ്പെട്ടവർക്ക് ഈ വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും നിവേദനങ്ങൾ സമർപ്പിക്കുകയുണ്ടായി.
സ്വകാര്യ ബസുകൾ ചാത്തന്നൂർ സ്കൂളുകളിലേക്ക് പോകേണ്ട കുട്ടികളെയടക്കം തിരുമുക്കിൽ ഇറക്കിവിട്ടിട്ട് പോകുന്ന അവസ്ഥയാണുള്ളത്.ഒരു കിലോമീറ്ററിലധികം നടന്നാണ് അവരൊക്കെ ചാത്തന്നൂരിൽ എത്തുന്നത്. അധികാരികൾ ഈ കാര്യത്തിൽ യാതൊരു വിധ ഇടപെടലും നടത്തുന്നതുമില്ല.
ഈ സാഹചര്യത്തിലാണ്തിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന തരത്തിൽ അടിപ്പാത പുതുക്കിപ്പണിയുക, പരവൂർ കൊട്ടിയം ഭാഗങ്ങളിൽ നിന്ന് വരുന്ന എല്ലാ സ്വകാര്യ ബസുകളും ചാത്തന്നൂരിൽ എത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും വ്യാപാരി വ്യവസായികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ തിരുമുക്കിൽ ജനകീയ ധർണ സംഘടിപ്പിക്കുന്നത്.