തൃക്കരുവയിൽ തെരുവുനായ ശല്യം രൂക്ഷം
1575886
Tuesday, July 15, 2025 3:24 AM IST
കൊല്ലം: അഞ്ചാലുംമൂട് തൃക്കരുവയിൽ തെരുവുനായ ശല്യത്താൽ പൊറുതിമുട്ടി ജനം. പ്രധാന ജംഗ്ഷനുകളിൽ കൂട്ടമായാണ് അക്രമകാരികളായ നായകളുടെ സഞ്ചാരം. റോഡിലൂടെ പോകുന്ന ഇരുചക്ര വാഹന യാത്രക്കാരുടെ പിറകെ ഓടുന്നതും വാഹനത്തിനു കുറുകെ ചാടി അപകടം ഉണ്ടാക്കുന്നതും പതിവു സംഭവമായി മാറി.
കുട്ടികൾ ഉൾപ്പെടെ കല്ലെടുത്ത് എറിഞ്ഞ് ഓടിക്കാൻ ശ്രമിച്ചാൽ ഒന്നിന് പിറകെ ഒന്നായി എട്ടും പത്തും നായ്ക്കൾ വീതം ഇവർക്ക് പിറകെയും സംഘമായെത്തും. ഇങ്ങനെ പേടിച്ചും ഓടിയും വീണ് പരിക്കേൽക്കുന്നവർ കടിയേൽക്കുന്നവരേക്കാൾ കൂടുതലാണ്.
നായകളുടെ പ്രജനനം നിയന്ത്രിക്കുന്ന എബിസി പദ്ധതി പഞ്ചായത്തിന് കീഴിൽ നിലച്ചതിനാൽ വന്ധീകരണവും വർഷങ്ങളായി നടക്കുന്നില്ലന്ന് പ്രദേശവാസികൾ പറയുന്നു.
അടുത്തിടെ രണ്ട് കെഎസ്ഇബി ജീവനക്കാർക്ക് ഉൾപ്പെടെ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ദിവസങ്ങൾക്കു മുമ്പ് പ്രാക്കുളം കാഞ്ഞാവെളി ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യുവതിക്കും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു.
ഹോട്ടലുകൾ, വഴിയോര മത്സ്യകച്ചവട കേന്ദ്രങ്ങൾ, അനധികൃത അറവുശാലകൾ എന്നിവിടങ്ങളാണ് ഇപ്പോൾ തെരുവുനായ്ക്കളുടെ പ്രധാന താവളങ്ങൾ. മറ്റുള്ള പ്രദേശങ്ങളിൽ നിന്ന് രാത്രി നായകളെ ഇവിടേക്ക് എത്തിച്ചു തുറന്നു വിടുന്നതായും നാട്ടുകാർ പറയുന്നു.
പല പ്രദേശങ്ങളിലും തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തതിനാൽ സന്ധ്യയ്ക്ക് ജോലി കഴിഞ്ഞെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഭീതിയിലാണ്. വിഷയത്തിൽ നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് രേഖാമൂലം പരാതി നൽകിയിട്ടും ഒരു നടപടിയുമില്ലെന്ന് ആക്ഷേപമുണ്ട്.