കണ്ണനല്ലൂർ ജംഗ്ഷൻ വികസനം മന്ദഗതിയിൽ; വ്യാപാരികളും യാത്രക്കാരും ദുരിതക്കുരുക്കിൽ
1575885
Tuesday, July 15, 2025 3:24 AM IST
കൊല്ലം : കണ്ണനല്ലൂർ ജംഗ്ഷൻ വികസന പദ്ധതിയ്ക്ക് വേണ്ട സ്ഥലമേറ്റെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും അധികാരികൾ തുടർ നടപടികൾ ആരംഭിക്കാത്തത് ജനത്തെ വലയ്ക്കുന്നു. ജംഗ്ഷൻ വികസനം അനിശ്ചിതത്വത്തിൽ നീളുമ്പോൾ വാഹനയാത്രക്കാരെ പോലെ പരിസരത്തെ വ്യാപാരികളും ദുരിതക്കുരുക്കിലാണ്.
കൊല്ലം-ആയൂർ പാതയിലെ ഏറ്റവും തിരക്കേറിയതും പ്രധാനപ്പെട്ടതുമായ ഈ ജംഗ്ഷനിലൂടെയാണ് രണ്ട് ദേശീയപാതകളെ ബന്ധിപ്പിക്കുന്ന കൊട്ടിയം-കുണ്ടറ റോഡ് കടന്നുപോകുന്നത്. എന്നാൽ, റോഡ് വികസനവും ടാറിംഗ് ജോലികളും വൈകുന്നതിനാൽ കുഴികൾ നിറഞ്ഞ റോഡാണ് യാത്രക്കാരെ സ്വാഗതം ചെയ്യുന്നത്.
ജംഗ്ഷന്റെ സമഗ്ര വികസനത്തിനായി സർക്കാർ കോടികളുടെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും അധികൃതരുടെ താത്പര്യക്കുറവ് കാരണം ഇത് വഴിമുട്ടിയിരിക്കുകയാണ്. വികസനത്തിനായി ഏറ്റെടുത്ത ഭൂമിക്കും കെട്ടിടങ്ങൾക്കുമായി 36 കോടി രൂപയിലേറെ കഴിഞ്ഞ ഒക്ടോബർ-നവംബർ മാസങ്ങളിൽ ഉടമകൾക്ക് നൽകിയിരുന്നു. പിന്നാലെ കെട്ടിടങ്ങൾ ഒഴിപ്പിച്ച് താക്കോലും വാങ്ങി. എന്നിട്ടും കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനുള്ള നടപടികൾ പൂർത്തിയാക്കാത്തതിനാൽ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. ഇതോടെ സ്വന്തമായോ വാടകയ്ക്കോ വ്യാപാരം നടത്തിവന്നവരുടെ വരുമാനം പൂർണമായും നിലച്ചു.
നിലവിൽ വികസന പദ്ധതി കഴിഞ്ഞ ആറു മാസത്തിലേറെയായി നടപടികളില്ലാതെ വഴിമുട്ടിയിരിക്കുകയാണ്. റോഡ് വികസനത്തിനായി ഏറ്റെടുത്ത കെട്ടിടങ്ങളുടെ ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കാത്തതിനാൽ ഇവ സംരക്ഷിച്ച് വാടകയ്ക്ക് നൽകാനോ സ്വന്തമായി കച്ചവടസ്ഥാപനങ്ങൾ പുനരാരംഭിക്കാനോ വ്യാപാരികൾക്ക് കഴിയുന്നില്ല.
ജില്ലയിലെ തന്നെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ കണ്ണനല്ലൂരിൽ, കഴിഞ്ഞ ക്രിസ്മസ്, ചെറിയ പെരുന്നാൾ, ബലിപെരുന്നാൾ തുടങ്ങിയ സീസൺ കച്ചവടങ്ങൾ വ്യാപാരികൾക്ക് നഷ്ടമായിരുന്നു. ഓണക്കാലം അടുത്തുവരുന്ന സാഹചര്യത്തിൽ, ഏറ്റെടുത്ത കെട്ടിട ഭാഗങ്ങൾ പൊളിച്ചുനീക്കി ശേഷിച്ച ഭാഗങ്ങൾ സംരക്ഷിച്ച് വ്യാപാരം പുനരാരംഭിക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നു.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, കുണ്ടറ എംഎൽഎ, ജില്ലാ കളക്ടർ, സ്പെഷൽ തഹസിൽദാർ (കിഫ്ബി), കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർക്ക് വിശദമായ പരാതി നൽകിട്ടുണ്ട്. അടിയന്തിരമായി ഇതിൽ നടപടി സ്വീകരിച്ച് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തികൾ ആരംഭിച്ചു മുന്നോട്ടു പോയില്ലെങ്കിൽ അവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ തങ്ങൾ നിർബന്ധിതരാവുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
നടപ്പാതയില്ലാത്തതും ബുദ്ധിമുട്ട്
കൊല്ലം - ആയൂർ റോഡ് മുതൽ കണ്ണനല്ലൂർ ജംഗ്ഷൻ വരെ കാൽനടയാത്രക്കാർ സഞ്ചരിക്കുന്നത് ജീവഭയത്തോടെ. ഇവിടെ നടപ്പാതയില്ലാത്തതിനാൽ ബസുകളടക്കമുള്ള വലിയ വാഹനങ്ങൾ കാൽനടയാത്രക്കാരെ തൊട്ടു, തൊട്ടില്ല എന്ന മട്ടിലാണ് കടന്നു പോകുന്നത്. വളരെയധികം സാഹസപ്പെട്ടാണ് പ്രായമായവരുൾപ്പെടെ ഇതുവഴി നടക്കുന്നത്.
ഇരുവശത്തുമുള്ള കടകളിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവരുടെ ഇരുചക്രവാഹനങ്ങളും കാറുകളും മറ്റും റോഡിനോട് ചേർന്നുള്ള ഇടുങ്ങിയ നടവഴിയിൽ ആണ് നിർത്തിയിടുന്നത്. ചിലയിടത്ത് നടവഴി കൈയേറി അനധികൃതമായി ഇന്റർലോക്ക് പാകിയിട്ടുമുണ്ട്. ഒപ്പം വഴിയിലെ കെഎസ്ഇബി ട്രാൻസ്ഫോർമറും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാണ്. ഇവിടെ ദിനംപ്രതി നടക്കുന്ന ചെറുതും വലുതുമായ അപകടങ്ങൾക്ക് കണക്കില്ല. നടവഴി സാധ്യമായില്ലെങ്കിലും അനധികൃത കൈയേറ്റങ്ങളും പാർക്കിംഗും ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.