ഏരൂർ പഞ്ചായത്തിലെ ആംബുലൻസ് നടത്തിപ്പ് അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്
1575891
Tuesday, July 15, 2025 3:24 AM IST
അഞ്ചല്‍ : പുനലൂർ എംഎല്‍എ യുടെ ഫണ്ട് ഉപയോഗിച്ച് ഏരൂർ പഞ്ചായത്തിനു വേണ്ടി വാങ്ങിയ ആംബുലൻസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണവുമായി കോൺഗ്രസ് രംഗത്ത്.
ആംബുലൻസ് പഞ്ചായത്തിന്റെ അധീനതയിലുള്ള പകൽ വീട്ടിൽ ഉപയോഗിക്കാതെ കിടക്കുന്നത് ഒഴിവാക്കി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഏരൂർ മണ്ഡലം കമ്മിറ്റി നടത്തിയ സമരത്തെ തുടർന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആംബുലൻസ് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റിക്ക് കൈമാറാൻ തീരുമാനിച്ചിരുന്നു.
എന്നാൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ആംബുലൻസ് ഏറ്റെടുക്കാൻ വിസമ്മതിച്ചു. തുടർന്ന് പഞ്ചായത്ത് തന്നെ ആംബുലൻസിന്റെ പ്രവർത്തനമേൽനോട്ടം വഹിച്ച ുപോന്നു. ഭരണപക്ഷത്തെ ചില പ്രമുഖരുടെ ഒത്താശയോടുകൂടി ആംബുലൻസ് ഡിഎംഒ യ്ക്ക് കൈമാറാൻ ശ്രമം നടന്നെങ്കിലും കോൺഗ്രസ് പഞ്ചായത്ത് പ്രതിനിധികളും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ചേർന്ന് നടത്തിയ സമരത്തെ തുടർന്ന് ആംബുലൻസ് പഞ്ചായത്ത് സെക്രട്ടറിയുടെ ഉടമസ്ഥതയിൽ നിലനിർത്താൻ തീരുമാനിച്ചു.
എന്നാൽ പഞ്ചായത്ത് കമ്മിറ്റിയുടെ മിനിട്സ് പുറത്തുവന്നപ്പോൾ ആംബുലൻസിന്റെ നടത്തിപ്പിനായി ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്ത് അയക്കാൻ തീരുമാനിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷമായി ആംബുലൻസിന്റെ വരവ് ചെലവ് കണക്കുകളോ ലോഗ് ബുക്ക്, ട്രിപ്പ് ഷീറ്റ് അടക്കം മറ്റു യാതൊരുവിധമായ രേഖയും പഞ്ചായത്തിൽ ലഭ്യമല്ല.
11ന് കൂടിയ ഏരൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നാളിതുവരെയുള്ള കണക്കുകൾ പരിശോധിക്കുകയോ അതിനൊരു വ്യക്തത വരുത്തുകയോ ചെയ്യാതെ ഒരു തുക പഞ്ചായത്തിൽ അടയ്ക്കുവാൻ ഭരണകക്ഷി അംഗങ്ങൾ ഏകപക്ഷീയമായി തീരുമാനമെടുത്തു. അതിനെതിരേ കോൺഗ്രസ് പഞ്ചായത്ത് മെമ്പർമാർ വിയോജനക്കുറിപ്പ് നൽകിയെങ്കിലും അത് സ്വീകരിക്കാൻ പോലും തയാറാകാതെ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റ് അടക്കമുള്ള ആളുകളും പഞ്ചായത്ത് കമ്മിറ്റിയിൽനിന്ന് ഇറങ്ങി പോവുകയായിരുന്നു.
ഇതേ തുടർന്ന് കോൺഗ്രസ് പഞ്ചായത്ത് മെമ്പർമാർ ഓൺലൈനായി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയെ നേരിൽ കണ്ട് പരാതിയുടെ കോപ്പി നൽകുകയും ചെയ്തു. കോൺഗ്രസ് പഞ്ചായത്ത് മെമ്പർമാരായ അനുരാജ്, ഷീന കൊച്ചമ്മച്ചൻ, ഏരൂർ മണ്ഡലം കോൺഗ്രസ്കമ്മിറ്റി പ്രസിഡന്റ് ഗീവർഗീസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് പി.ടി. കൊച്ചുമ്മച്ചൻ, പത്തടി സുലൈമാൻ, ബിജു, ഷറഫ് തുടങ്ങിയവർ നേതൃത്വം നൽകി.