ലാബിന്റെ അവസ്ഥ ദയനീയം; ചവറ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ വലയുന്നു
1576191
Wednesday, July 16, 2025 6:44 AM IST
ചവറ: ലാബ് സൗകര്യങ്ങളുടെ അപര്യാപ്തതയിൽ ചവറ ശങ്കരമംഗലം സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ വലയുകയാണ്.
അടിയന്തരമായി കെട്ടിടങ്ങൾ ഉൾപ്പെടെ ലാബ് സൗകര്യങ്ങൾ സ്കൂളിൽ ഏർപ്പെടുത്താൻ ഇടപെടൽ ഉണ്ടാവണമെന്നാണ് പിടിഎയും രക്ഷിതാക്കളും വിദ്യാർഥികളും ഒരുപോലെ ആവശ്യപ്പെടുന്നത്.രണ്ടായിരത്തി ഒരുന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ലാബുകളുടെ അവസ്ഥ വളരെ ദയനീയമാണ്.
സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചിട്ട് 25വർഷം പിന്നിടുമ്പോൾ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ വളരെ പിന്നിലാണ്. കെട്ടിടവും ഓഡിറ്റോറിയവും നിർമിക്കുന്നതിനു സർക്കാർ ഫണ്ടുകൾ അനുവദിച്ചതല്ലാതെ ഒന്നും യഥാർഥ്യമായില്ല.
ഹൈവേ വികസനത്തിനായി സ്ഥലം ഏറ്റെടുത്ത വകയിൽ നഷ്ടപരിഹാരമായി അനുവദിച്ച തുക ഉപയോഗിച്ച് നിർമിക്കേണ്ട ക്ലാസ് മുറികളും ചുറ്റുമതിലും അനുബന്ധ പ്രവർത്തനങ്ങളും എങ്ങും എത്താത്ത അവസ്ഥയിലാണുള്ളത്.
ഹൈസ്കൂൾ വിഭാഗത്തിലെ അധ്യാപകർക്ക് ആവശ്യത്തിന് അനുസരിച്ചുള്ള സ്റ്റാഫ്മുറിപോലും ഇല്ല. അധ്യാപകർ ഇപ്പോൾ കാലപ്പഴക്കമുള്ള റൂമിൽ വേണ്ടത്ര സ്ഥലസൗകര്യം ഇല്ലാതെയാണ് മുന്നോട്ടുപോകുന്നത്.
ക്ലാസ് മുറികളുടെ അപര്യാപ്തതയും ഉണ്ട്. ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ടുകൾ വിദ്യാഭ്യാസ മേഖലക്ക് കൂടുതലായി വിനിയോഗിക്കണം എന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. ഹയർസെക്കൻഡറി വിഭാഗത്തിന് കെമിസ്ട്രി, ഫിസിക്സ്, സുവോളജി, ബോട്ടണി, മാത്സ് എന്നിങ്ങനെയാണ് ലാബ് ആവശ്യം. അടിയന്തര പ്രാധാന്യത്തോടുകൂടി ലാബ് സൗകര്യം മെച്ചപ്പെടുത്താൻ വേണ്ട നടപടികൾ ജനപ്രതിനിധികളിൽ നിന്നും ഉണ്ടാകണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു.
ലാബ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ചവറ കെഎംഎംഎൽ, ഐ ആർ ഇ കമ്പനികളിൽ നിന്നും വേണ്ടത്ര സഹായങ്ങൾ ലഭ്യമാക്കാൻ നടപടി ഉണ്ടാകണമെന്ന് പിടിഎ പ്രതിനിധികൾ ആവശ്യപ്പെട്ടു.