വെള്ളംകുടി ബാബു പിടിയില്‍
1575688
Monday, July 14, 2025 6:48 AM IST
അഞ്ചല്‍ : നൂറിലധികം മോഷണ കേസുകളില്‍ പ്രതിയായ വെള്ളംകുടി ബാബു പിടിയില്‍. കഴിഞ്ഞ ദിവസമാണ് രാത്രി പട്രോളിങ്ങിനിടെ അഞ്ചല്‍ പോലീസിനെ കണ്ട് ഓടിയ വെള്ളംകൂടി ബാബുവിനെ പിന്തുടര്ന്നു പിടികൂടിയത്.
കസ്റ്റഡിയില്‍ എടുക്കുന്ന സമയം ഇയാളുടെ പക്കല്‍ നിന്നും ഉളി, ചുറ്റിക, വെട്ടുകത്തി ഉള്‍പ്പടെ ആയുധങ്ങള്‍ പോലീസ് കണ്ടെത്തി.
അടുത്തിടെ ജാമ്യത്തിലിറങ്ങിയ ബാബു മോഷണ ശ്രമത്തിനിടെയാണ് പിടിയിലാകുന്നത്. ഒരാഴ്ചയായി മലയോര മേഖലയില്‍ പ്രത്യേകിച്ചു അഞ്ചല്‍ ,ഏരൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വ്യാപകമായി മോഷണം നടന്നിരുന്നു.
കഴിഞ്ഞ ദിവസം മാത്രം ഏരൂരിലെ പത്തടിയില്‍ അടുത്തടുത്ത നാല് വ്യാപാര സ്ഥാപനങ്ങളിലാണ് കവര്‍ച്ച നടത്തിയത്.
ഈകേസില്‍ ഉള്‍പ്പെടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കെയാണ് വെള്ളംകുടി ബാബു പിടിയിലാകുന്നത്. ഇയാളെ പിടികൂടാന്‍ കഴിഞ്ഞത് പോലീസിനെ സംബന്ധിച്ച് വലിയ ആശ്വാസമാണ്.