മുണ്ടയ്ക്കല്‍ കച്ചിക്കടവ് പാലത്തിനായി 27.97 കോടി രൂപ അനുവദിച്ചു: മന്ത്രി
1575678
Monday, July 14, 2025 6:34 AM IST
കൊല്ലം : ഇരവിപുരം മണ്ഡലത്തിലെ മുണ്ടയ്ക്കല്‍ കച്ചിക്കടവ് പാലത്തിന്റെ നിര്‍മാണത്തിനായി 27.97 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു.
ടി എസ് കനാലിന് കുറുകെ നിര്‍മിക്കുന്ന പാലത്തിനും അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുക്കലും അടക്കമുള്ളതാണ് പദ്ധതി. 7.95 കോടി രൂപയായിരുന്നു പദ്ധതിയുടെ ആദ്യ അടങ്കല്‍.
പിന്നീട് സ്ഥലം ഏറ്റെടുക്കലും, പൊതുമരാമത്ത് നിരക്ക് മാറ്റവും അടക്കമുള്ള ഘടകങ്ങളും ഉള്‍പ്പെട്ടതോടെയാണ് അധിക തുകയ്ക്കുള്ള പുതുക്കിയ അടങ്കലിന് ധനാനുമതി നല്‍കിയത്.
147.5 മീറ്റര്‍ നീളത്തില്‍ ഒമ്പത് സ്പാനുകള്‍ ഉള്‍പ്പെട്ടതാണ് പാലത്തിന്റെ നിര്‍മിതി.
ചായക്കട മുക്കില്‍ തുടങ്ങി തീരദേശ ഭാഗത്തുമായി അപ്രോച്ച് റോഡ് നിര്‍മിക്കും. പാലത്തിന്റെ ഇരുഭാഗത്തും മൂന്നര മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡുണ്ടാകും. അപ്രോച്ച് റോഡ് നിര്‍മാണത്തിന് 104 സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതിന് 11 കോടി രൂപ അടങ്കലിലുണ്ട്.