22 ലക്ഷവുമായി മുങ്ങിയയാളെ 20 വര്‍ഷത്തിന് ശേഷം പിടികൂടി
1575685
Monday, July 14, 2025 6:34 AM IST
അഞ്ചൽ: മൂന്നുപേരില്‍ നിന്നുമായി 22 ലക്ഷം രൂപ വാങ്ങിയ ശേഷം തിരികെ കൊടുക്കാതെ മുങ്ങിയ പ്രതിയെ 20 വര്‍ഷത്തിന് ശേഷം പിടികൂടി. നെടുമണ്‍കാവ് തെക്കേക്കര അങ്ങാടിയില്‍ ബിജുവിനെയാണ് അഞ്ചല്‍ പോലീസ് പിടികൂടിയത്.
2005 ലാണ് ബിജു കൂടല്‍ സ്വദേശികളായ രണ്ടുപേരില്‍ നിന്നും അടൂര്‍ സ്വദേശിയായ ഒരാളില്‍ നിന്നുമായി 22 ലക്ഷം രൂപ വാങ്ങി തിരികെ നല്‍കാതെ മുങ്ങിയത്. തുടര്‍ന്നു പണം നഷ്ടമായവര്‍ പോലീസില്‍ പരാതിനൽകി.
പിന്നീട് ഇയാളെകുറിച്ച് ഒരുവിവരവും പോലീസിന് ലഭിച്ചിരുന്നില്ല. ഇതിനിടെ 2009-ല്‍ ബിജുവിനെ പുനലൂര്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു.
പലയിടങ്ങളിലായി മാറിമാറി താമസിച്ചുവന്ന ബിജു കര്ണകയിലെ മൈസൂരില്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമാസത്തെ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു.
അഞ്ചലില്‍ എത്തിച്ച പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അഞ്ചല്‍ എസ്എച്ച്ഒ ഹരീഷ്, എസ്ഐ പ്രജീഷ്കുമാര്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ് കുമാര്‍, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.