കരുനാഗപ്പള്ളിയിലും അഞ്ചാലുംമൂട്ടിലും ലഹരിവേട്ട : രണ്ടുപേർ അറസ്റ്റിൽ
1575687
Monday, July 14, 2025 6:34 AM IST
കൊല്ലം:കരുനാഗപ്പള്ളിയിലും അഞ്ചാലുംമൂട്ടിലും എക്സൈസിന്റെ ലഹരിവേട്ട. രണ്ടുപേർ രണ്ടു സംഭവങ്ങളിലായി അറസ്റ്റിലായി. കരുനാഗപ്പള്ളി തൊടിയൂരിൽ 227 ഗ്രാം എംഡിഎംഎയുമായി പുലിയൂർ വഞ്ചി കിഴക്ക് ദേശത്ത് മഠത്തിൽ വടക്കത്തിൽ വീട്ടിൽ അനന്തു ( 27), മെത്താംഫെറ്റാമൈനുമായി കൊല്ലം തൃക്കരുവാ കായൽവാരത്ത് വീട്ടിൽ കെ. നൗഫൽ ( 32) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് പാർട്ടി എക്സൈസ് ഇൻസ്പെക്ടർ സി.പി.ദിലീപിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി തൊടിയൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 227 ഗ്രാം എംഡിഎംഎയുമായി അനന്തു അറസ്റ്റിലാവുന്നത്.
ജില്ലയിൽ സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള മയക്കുമരുന്ന് വേട്ടയാണിതെന്നും, പ്രതി മുൻപും സമാനമായ രീതിയിൽ എംഡിഎംഎയുമായി പിടിയിലായിട്ടുണ്ടെന്നും എക്സൈസ് പറഞ്ഞു.
ബംഗ്ലൂരിൽ നിന്നും എംഡി എം എ വൻതോതിൽ ഇറക്കുമതി ചെയ്ത് വിൽപ്പന നടത്തുന്ന മൊത്തവിതരണക്കാരനാണ് അറസ്റ്റിലായ അനന്തു. ഇയാളുടെ ഇടനിലക്കാരെയും ഉപഭോക്താക്കളെയും പറ്റി വിവരങ്ങൾ എക്സൈസിന് ലഭ്യമായിട്ടുണ്ട്.
പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ 15 ലക്ഷത്തോളം രൂപ വില വരും. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീകുമാർ, ഐബി പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, അനീഷ് ജൂലിയൻ ക്രൂസ്,ബാലു സുന്ദർ,സൂരജ് എന്നിവരാണ് ഉണ്ടായിരുന്നത്.
അഞ്ചാലുംമൂട് സി കെ പിയിൽ നടത്തിയ പരിശോധനയിൽ ഒരു കാറിൽ നിന്ന് 3.915 ഗ്രാം മെത്താംഫെറ്റാമൈനും നൗഫലിന്റെ വീട്ടിൽ നിന്ന് 10.257 ഗ്രാം മെത്താംഫെറ്റാമൈനുമാണ് എക്സൈസ് പിടികൂടിയത്. വീടിന്റെ സിറ്റ് ഔട്ടിലോട്ടു തുറക്കാവുന്ന ബെഡ്റൂമിലാണ്10.257 ലഹരിമരുന്ന് നൗഫൽ ഒളിപ്പിച്ചിരുന്നത്.
കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിൽ നടന്ന മയക്ക് മരുന്ന് വേട്ടയിൽ ഇൻസ്പെക്ടർ ആർ. ജി.വിനോദ് , ഷഹലുദ്ദീൻ, ബിനുലാൽ, ആസിഫ്, പ്രദീഷ്, ജിത്തു, ട്രീസ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.